സ്വീകാര്യത നേടാത്ത പരാമര്‍ശം; അവര്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചു; പാര്‍ട്ടി അംഗീകരിച്ചെന്നും എ വിജയരാഘവന്‍

ജൂലൈ ഒന്നു മുതല്‍ ഏഴുവരെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ സിപിഎം വിപുലമായി പരിപാടികള്‍ സംഘടിപ്പിക്കും

Update: 2021-06-25 11:53 GMT

തിരുവനന്തപുരം: സമൂഹത്തില്‍ സ്വീകാര്യത നേടാത്ത പരാമര്‍ശമാണ് വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നടത്തിയതെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. സ്വാഭാവികമായി പിശക് സംഭവിച്ചുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'ഈ വിഷയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്തു. സമൂഹത്തില്‍ സ്വീകാര്യത നേടാത്ത പരാമര്‍ശം അവര്‍ നടത്തി. സ്വാഭാവികമായി പിശക് സംഭവിച്ചു. അതില്‍ അവര്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചു. അവരുടെ രാജി പാര്‍ട്ടി അംഗീകരിച്ചു. ഇതിലൂടെ പാര്‍ട്ടി നിലപാടി വ്യക്തമാണ്. സമൂഹം അത് ഏറ്റെടുത്തു. പുതിയ അധ്യക്ഷയെ പിന്നീട് തീരുമാനിക്കും'-സെക്രട്ടറി പറഞ്ഞു.

ലിംഗ നീതി എന്ന വിഷയം ഗൗരവമായി കാണേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ മികവാര്‍ന്ന പരിശീലനം നേടിയ മലയാളി വനിതകളുണ്ട്. ഇവര്‍ കേരളത്തിന് അഭിമാനമാണ്. വിപുലമായ സ്ത്രീ മുന്നേറ്റ പാരമ്പര്യമുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ മുന്നേറ്റത്തിന്റെ അഭിമാനത്തെ മുറിപ്പെടുത്തുന്ന ചില കാര്യങ്ങള്‍ അടുത്തിടെ ഉണ്ടാവുന്നു. സമൂഹത്തിലേക്ക് യാഥാസ്ഥിതിക ആശങ്ങള്‍ കടന്നു വരുന്നു. സ്ത്രീ പങ്കാളിത്തത്തെ മോശമായി കാണുന്നു. പുതിയ വാക്കുകള്‍ കടന്നുവരുന്നു. പെണ്‍വാണിഭം, ദുരഭിമാന കൊലകള്‍, സ്ത്രീധന പീഡനം, ആത്മഹത്യ, ഡ്രസ് കോഡുകള്‍ അടിച്ചേല്‍പ്പിക്കല്‍ ഇവയെല്ലാം വ്യത്യസ്ഥ തലത്തിലുള്ള സ്ത്രീ വിരുദ്ധതയാണ്. 

മിശ്ര വിവാഹത്തെ എതിര്‍ക്കുന്നു, ഇത്തരത്തിലുള്ളവരെ തെറ്റായി വ്യാഖ്യാനിക്കുന്ന സ്ഥിതിയുണ്ട്. ലിംഗ നീതിയില്‍ വലിയ ചര്‍ച്ച അനിവാര്യമാണ്. കേരളത്തില്‍ സ്ത്രീകളെ പിന്നോട്ട് അടിക്കുന്ന വലത് പക്ഷ വത്കരണത്തെ എതിര്‍ക്കുക എന്ന ആശയമാണ് സിപിഎം മുന്നോട്ട് വയ്ക്കുന്നത്. സ്ത്രീ വിരുദ്ധമായി ഇപ്പോള്‍ രൂപപ്പെട്ട വിഷയങ്ങള്‍ ലിംഗ നീതിയുടെ വിഷയമായി കണക്കാക്കി 'സ്ത്രീപക്ഷ കേരളം' എന്ന പരിപാടി മുന്നോട്ട് വയ്ക്കുകയാണ് സിപിഎം. ജൂലൈ ഒന്നു മുതല്‍ ഏഴുവരെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്ക് എതിരെ വിപുലമായി പരിപാടികള്‍ സംഘടിപ്പിക്കും.

ഇതിന്റെ ഭാഗമായി പ്രാദേശികമായി ഒരാഴ്ചക്കാലം ഗൃഹ സന്ദര്‍ശനം നടത്തി ജനങ്ങളുമായി ഇടപഴകും. സമൂഹത്തിലെ സ്ത്രീ വിരുദ്ധതയ്ക്ക് എതിരായി പ്രചാരണം നടത്തും. ജൂലൈ എട്ടിന് സംസ്ഥാന വ്യാപകമായി സ്ത്രീ പക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി പൊതു കാംപയിന്‍ സംഘടിപ്പിക്കും. സ്ത്രീകള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ എന്നിവരെ പങ്കെടുപ്പിച്ച് പരിപാടികള്‍ മുന്നോട്ട് കൊണ്ട് പോവുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

Tags:    

Similar News