ഡല്‍ഹി അക്രമം; ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത് കണ്ണീര്‍ കഥകള്‍ മാത്രം; സാക്ഷിയായി ഒരു ആശുപത്രിയും

വീടും ഉപജീവനവും നഷ്ടപ്പെട്ട ആളുകള്‍ക്ക് അഭയകേന്ദ്രം കൂടിയായി മാറുകയായിരുന്നു ഈ ആശുപത്രി.

Update: 2020-03-01 07:15 GMT

ന്യൂഡല്‍ഹി: മുസ്തഫാബാദിലെ അല്‍ ഹിന്ദ് ആശുപത്രിയില്‍ ഡല്‍ഹി കലാപത്തില്‍ ഇരയായവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ ചെറിയ ആശുപത്രിയിലേക്കാണ് ഗുരുതരമായി പരുക്കേറ്റവരെ കൂട്ടത്തോടെ കൊണ്ടുവന്നത്. വീടും ഉപജീവനവും നഷ്ടപ്പെട്ട ആളുകള്‍ക്ക് അഭയകേന്ദ്രം കൂടിയായി മാറുകയായിരുന്നു ഈ ആശുപത്രി.

ആക്രമണം നടന്ന സമയത്ത് ഡസന്‍ കണക്കിന് ആളുകളാണ് രണ്ടു നിലയും 15 കിടക്കകളുമുള്ള ഈ ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്. ചിലരെ ചുമലിലേറ്റിയും സ്‌ട്രെച്ചറുകളില്‍ തള്ളിയുമാണ് കൊണ്ടുവന്നത്. ഓക്‌സിജനും പല മരുന്നുകളും തീര്‍ന്നു. എന്നിട്ടും രോഗികളുടെ ഒഴുക്ക് നിലച്ചില്ലെന്ന് ഡോക്ടര്‍ മെഹ്‌റാജ് എക്രം പറഞ്ഞു. അവരെ പരിചരിക്കുമ്പോള്‍ ഞങ്ങള്‍ കരയുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയാരു അനുഭവം. ജീവനുള്ള കാലം വരെ മനസ്സില്‍ നിന്ന് ആ കാഴ്ചകള്‍  മായില്ല. ആളുകളെ തല്ലിച്ചതച്ച ക്രൂരത വളരെ ഭയാനകമായിരുന്നു. ഒരു ഘട്ടത്തില്‍  ഞങ്ങള്‍ക്ക് കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍  ആശുപത്രിയുടെ ഷട്ടറുകള്‍  താഴ്ത്തിടേണ്ടിവന്നു, നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു.

അതേസമയം വൈദ്യസഹായം അഭ്യര്‍ത്ഥിച്ച് ആയിരക്കണക്കിന് പേര്‍ ആശുപത്രിക്ക് ചുറ്റും തടിച്ചുകൂടി. ആശുപത്രിയില്‍ വിദഗ്ദ ചികില്‍സക്ക് സൗകര്യമില്ലാത്തതിനാല്‍  പരിക്കേറ്റവരെ മറ്റു ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. എന്നാല്‍ ആംബുലന്‍സുകള്‍ കലാപകാരികള്‍ തടഞ്ഞു. തുടര്‍ന്ന് ആശുപത്രി മേധാവി  ഡോ. അന്‍വര്‍ അഭിഭാഷകരുമായി ബന്ധപ്പെട്ടു.  അവരുടെ ശ്രമഫലമായി ഡല്‍ഹി ഹൈക്കോടതി  അര്‍ദ്ധരാത്രിയില്‍  വാദം കേട്ടു. ഒടുവില്‍ ആംബുലന്‍സുകള്‍ പ്രവേശന കവാടത്തിലേക്ക് കൊണ്ടുപോകാന്‍ പോലിസിന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

'അല്‍ ഹിന്ദ് ആശുപത്രിയില്‍ മോര്‍ച്ചറി ഇല്ലായിരുന്നു. മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ആംബുലന്‍സില്‍ കയറിയപ്പോള്‍ അക്രമികള്‍ വാളുപയോഗിച്ച് ഭീഷണിപ്പെടുത്തി. വാഹനം തടഞ്ഞു.' ഡോ.  അന്‍വര്‍ പറഞ്ഞു. ജീവിതത്തില്‍ ഇനി ഒരിക്കലും ഇത്തരത്തിലുള്ള മനുഷ്യത്വമില്ലായ്മക്ക് സാക്ഷ്യം വഹിക്കേണ്ടി വരരുത് എന്നു അദ്ദേഹം കരഞ്ഞു കൊണ്ട് പറഞ്ഞു. 

ഇതിനിടയില്‍ സംഘര്‍ഷത്തില്‍ വീടും ഉപജീവനവും നഷ്ടപ്പെട്ട ആളുകളും അഭയം തേടി അല്‍ ഹിന്ദ് ആശുപത്രിയില്‍ എത്തിരുന്നു. അവരില്‍ തയ്യല്‍ക്കാരനായ ഇര്‍ഷാദ്, തന്റെ നാല് കൊച്ചുകുട്ടികളും ഭാര്യയുമായി വന്നു. അവരുടെ കയ്യില്‍  കയ്യില്‍ ഒരു ചെറിയ തുണി ബാഗു മാത്രമേയുണ്ടായിരുന്നുള്ളൂ. 'എല്ലാം പോയി,' എല്ലാം, വീടും, പണവും, രേഖകളും, ഒന്നുമില്ല എന്റെ കുട്ടികളുടെ ഭാവി എന്താവും?' ഇര്‍ഷാദ്, കരഞ്ഞുകൊണ്ട് പറഞ്ഞു.

ഗര്‍ഭിണിയായ ഷബാന പര്‍വീന്റെ നിറവയറിലാണ് അക്രമികള്‍ മര്‍ദ്ദിച്ചത്. 'എന്റെ കുഞ്ഞ് രക്ഷപ്പെടുമെന്ന് ഞാന്‍ കരുതിയിരുന്നില്ല, 'അവള്‍ പറഞ്ഞു, കുട്ടിനെയുമൊത്ത് ഇനി ഞാന്‍ എവിടെ പോകുമെന്ന് എനിക്കറിയില്ല. ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു, ഷബാന പറഞ്ഞു. 


Tags:    

Similar News