ട്രാക്ടര്‍ അപകടത്തില്‍ ഒരു മരണം; പ്രതികാരമായി അധികൃതര്‍ വിഎച്ച്പിയുമായി ചേര്‍ന്ന് മുസ്‌ലിം വീടുകള്‍ തകര്‍ത്തു; പ്രതികരിച്ച 17 മുസ്‌ലിംകള്‍ അറസ്റ്റില്‍

Update: 2021-03-24 18:49 GMT

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ മുര്‍വാസില്‍ ജില്ലാ ഭരണകൂടം വിഎച്ച്പിയുടെ സഹായത്തോടെ നിരവധി മുസ്‌ലിം വീടുകള്‍ തകര്‍ത്തു. അധികൃതരുടെ നടപടിയില്‍ പ്രതികരിച്ച മുസ്‌ലിം താമസക്കാരെ പോലിസ് അറസ്റ്റ് ചെയ്തു.

ഒരു ട്രാക്ടര്‍ അപകടവുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ഗ്രാമത്തിലെ സര്‍പഞ്ച് ആയ ശാന്ത്രം വാല്‍മികി ഒരു ട്രാക്ടര്‍ അപകടത്തിലാണ് മരിച്ചത്. ട്രാക്ടര്‍ ഓടിച്ചിരുന്നത് ഒരു മുസ് ലിമായിരുന്നു. കൊലപാതകമെന്ന് ആരോപിച്ച് വിഎച്ച്പിക്കാര്‍ രംഗത്തുവന്നു. ട്രാക്ടര്‍ ഓടിച്ചിരുന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നശേഷം നാട്ടുകാര്‍ തന്നെയാണ് ട്രാക്ടര്‍ ഓടിച്ചിരുന്നയാളെ പോലിസില്‍ ഏല്‍പ്പിച്ചത്.

അതിനുശേഷം ബിജെപി എംഎല്‍എ ഉമാകാന്തിന്റെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തി മുസ് ലിംകളെ ആക്ഷേപിച്ചു. അടുത്ത ദിവസം അധികാരികള്‍ 50-60 വാഹനങ്ങളിലായി എത്തി ബുള്‍ഡോസര്‍ മെഷീന്‍ ഉപയോഗിച്ച് ഒരു ഡസനിലധികം വീടുകള്‍ തകര്‍ത്തുകളഞ്ഞു.

വീട്ടുകാര്‍ സ്ഥലം കയ്യേറിയതിനാലാണ് പൊളിച്ചുനീക്കുന്നതെന്നും നേരത്തെ നോട്ടിസ് നല്‍കിയെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വീട് നഷ്ടപ്പെട്ടവര്‍ അത് തള്ളിക്കളഞ്ഞു. തങ്ങള്‍ക്ക് അത്തരമൊരു നോട്ടിസ് ലഭിച്ചിട്ടില്ലെന്നാണ് താമസക്കാര്‍ പറയുന്നത്.

അധികൃതര്‍ വീടുകള്‍ പൊളിക്കുന്ന സമയത്തുതന്നെ വിഎച്ച്പി പ്രവര്‍ത്തകര്‍ എത്തി എല്ലാ വീടുകളും തകര്‍ക്കുമെന്ന് ഭീഷണിമുഴക്കി. ഇതിനെതിരേ മുസ് ലിംകള്‍ പ്രതികരിക്കുകയും റോഡ് തടയുകയും ചെയ്തു. വിഎച്ച്പിയുമായി ഇതിനെച്ചൊല്ലി തര്‍ക്കമായി. തുടര്‍ന്നാണ് പോലിസ് എത്തി പലരെയും അറസറ്റ് ചെയ്തത്. ഇപ്പോള്‍ 17 പേര്‍ കസ്റ്റഡിയിലുണ്ട്.

സംഭവം അന്വേഷിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെയും പോലിസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

Tags: