റായ്പൂര്‍: ഛത്തീസ്ഗഡില്‍ 78 മാവോയിസ്റ്റുകള്‍ കീഴടങ്ങി. മൂന്നു ജില്ലകളിലായി 43 സ്ത്രീകളും സിപിഐ മാവോയിസ്റ്റ് ദണ്ഡകാരണ്യ സ്‌പെഷല്‍ സോണല്‍ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളും ഉള്‍പ്പെടെയാണ് കീഴടങ്ങിയത്. സുക്മ ജില്ലയില്‍ പത്തുസ്ത്രീകളടക്കം 27 നക്‌സലൈറ്റുകള്‍ ആയുധം വച്ച് കീഴടങ്ങി. കാങ്കര്‍ ജില്ലയില്‍ ദണ്ഡകാരണ്യ സ്‌പെഷല്‍ സോണല്‍ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളും 32 വനിതാ കേഡര്‍മാരും ഉള്‍പ്പെടെ 50 നക്‌സലുകള്‍ ബിഎസ്എഫ് ക്യാംപില്‍ കീഴടങ്ങി.
ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ കീഴടങ്ങിയ മാവോയിസ്റ്റുകള്‍ ഏഴ് എകെ-47 തോക്കുകള്‍ ഉള്‍പ്പെടെ മൂന്ന് ഡസനിലധികം ആയുധങ്ങള്‍ സമര്‍പ്പിച്ചു. ഇതില്‍ 16 പേരുടെ തലയ്ക്ക് ആകെ 50 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തലയ്ക്ക് അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്ന ഒരു വനിതാ കേഡര്‍ കൊണ്ടഗാവ് ജില്ലയില്‍ കീഴടങ്ങി. മുതിര്‍ന്ന നക്‌സലൈറ്റ് മല്ലോജുള വേണുഗോപാല്‍ റാവുവും 60 കേഡര്‍മാരും മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയില്‍ ചൊവ്വാഴ്ച കീഴടങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് ഛത്തീസ്ഗഡിലെ കീഴടങ്ങല്‍.