പ്രളയക്കെടുതി: അസമില്‍ 71 പേര്‍ മരിച്ചു; പ്രളയബാധിതരുടെ എണ്ണം 39 ലക്ഷമായി

Update: 2020-07-17 14:04 GMT

ഗുവാഹത്തി: ദിവസങ്ങളായി തുടരുന്ന പ്രളയത്തില്‍ അസമില്‍ 71 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 27 ജില്ലകളിലായി 39 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചതെന്ന് സംസ്ഥാന ദുരന്ത മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. പ്രളയം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തീവ്രമായാണ് സംസ്ഥാനത്തെ ബാധിച്ചിട്ടുള്ളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 303 ദുരിതാശ്വാസ ക്യാമ്പുകളും 445 ദുരിതാശ്വാസ സാമഗ്രി വിതരണ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.

ചിറാങ് താഴ്ന്ന പ്രദേശങ്ങള്‍ ഭൂരിഭാഗവും വെള്ളത്തിനടിയിലായിട്ടുണ്ടെന്ന് സഹമന്ത്രി ചന്ദന്‍ ബ്രഹ്മ പറഞ്ഞു. ഈ ജില്ലയില്‍ മാത്രം 100 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 2500 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

21 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളതെന്ന് ചന്ദന്‍ ബ്രഹ്മ പറഞ്ഞു. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളെ സമയത്ത് മാറ്റാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ദിബ്രുഗറിലെ മിക്കവാറും താഴ്ന്ന നിരപ്പിലുള്ള ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. നിര്‍ത്താത്ത മഴയില്‍ ബ്രഹ്മപുത്ര കരകവിഞ്ഞതാണ് ഇവിടെ പ്രളയത്തിന് കാരണമായത്.

സംസ്ഥാനത്ത് വ്യാപകമായ നാശനഷ്ടമാണ് ഇത്തവണത്തെ പ്രളയം സൃഷ്ടിച്ചത്. ഒഴുകി നീങ്ങുന്ന സാധനസാമഗ്രഹികളും മരങ്ങളും മുങ്ങിപ്പോയ വീടുകളും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീപുരുഷന്മാരും വ്യാപകമായി കാണാമെന്ന് വാര്‍ത്താമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. 

Tags:    

Similar News