400 ജീവനക്കാര്‍ കൊവിഡ് ബാധിതരായി മരിച്ചു; കൊവിഡ് വാക്‌സിന്‍ അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് കോള്‍ ഇന്ത്യ ലിമിറ്റഡ്

Update: 2021-06-09 04:34 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളിലൊന്നായ കോള്‍ ഇന്ത്യ ലിമിറ്റഡ് കൊവിഡ് പ്രതിരോധനത്തിന് പ്രധാനമന്ത്രിയോട് സഹായമഭ്യര്‍ത്ഥിച്ചു. തങ്ങളുടെ സ്ഥാപനത്തില്‍ എത്രയും പെട്ടെന്ന് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യണമെന്നാണ് ആവശ്യം. കോള്‍ ഇന്ത്യ ജീവനക്കാരില്‍ 400ഓളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

കോള്‍ ഇന്ത്യ ലിമിറ്റഡില്‍ ആകെ 2,59,000 ജീവനക്കാരാണ് ഉള്ളത്. ഇവര്‍ക്കും ഇവരുടെ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യാന്‍ ഒരു ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ നല്‍കണമെന്നാണ് കമ്പനിയുടെ ആവശ്യം. കൊവിഡ് വാക്‌സിനേഷന്‍ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും കമ്പനി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ കൊവിഡിനെ പിടിച്ചുകെട്ടാമെന്ന് കോള്‍ ഇന്ത്യയിലെ തൊഴിലാളി സംഘടനയായ അഖില്‍ ഭാരതീയ ഖദാന്‍ മസ്ദൂര്‍ സംഘ് ജനറല്‍ സെക്രട്ടറി സുധീര്‍ ഗ്രുദെ പറഞ്ഞു.

പവര്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലക്കാതിരിക്കാന്‍ ലോക്ക് ഡൗണ്‍ കാലത്തും രാജ്യത്തെ കല്‍ക്കരി ഖനികള്‍ പ്രവര്‍ത്തിച്ചിരുന്നു. രാജ്യത്തെ 70 ശതമാനം വൈദ്യുതിയും കല്‍ക്കരി ഇന്ധനമായി ഉപയോഗിച്ചാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

രണ്ടാം ഘട്ട കൊവിഡ് വ്യാപനം ഏറ്റവും ഗുരുതരമായി ബാധിച്ച സ്ഥാപനങ്ങളിലൊന്നാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. കൊവിഡ് ചികില്‍സക്ക് കമ്പനിതന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആകെ 6,000 പേര്‍ക്കാണ് ഇത്തവണ കോള്‍ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചത്. 1000 പേര്‍ ഇപ്പോഴും ചികില്‍സയിലുണ്ട്.

Tags: