പാകിസ്ഥാനില്‍ മോഷണം ആരോപിച്ച് നാല് സ്ത്രീകളെ നഗ്‌നരാക്കി മര്‍ദ്ദിച്ചു

വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പാകിസ്ഥാന്‍ പഞ്ചാബ് പോലിസ് നടപടിയെടുത്തു,അഞ്ച് പേരെ അറസ്റ്റ് ചെയ്തു

Update: 2021-12-08 06:33 GMT

ലാഹോര്‍: മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു കൗമാരക്കാരി ഉള്‍പ്പെടെ നാല് സ്ത്രീകളെ പാക്കിസ്ഥാനിലെ ഒരു സംഘം ആളുകള്‍ വലിച്ചിഴച്ച് മര്‍ദിച്ചു.പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലാണ് സംഭവം.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പാകിസ്ഥാന്‍ പഞ്ചാബ് പോലിസ് നടപടിയെടുത്തു.അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വിവസ്ത്രരാക്കിയ ശേഷം വടി ഉപയോഗിച്ച് മര്‍ദ്ദനമേല്‍പ്പിക്കുന്നതിനിടെ ഒരു തുണ്ട് വസ്ത്രത്തിനായി സ്ത്രീകള്‍ കേണപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം.തങ്ങളെ പോകാന്‍ അനുവദിക്കണമെന്ന് സ്ത്രീകള്‍ കരഞ്ഞുകൊണ്ട് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂറോളം അവരെ നഗ്‌നരായി തെരുവിലൂടെ നടത്തിച്ച ശേഷമാണ് വിട്ടയച്ചത്.

തങ്ങള്‍ മാലിന്യം ശേഖരിക്കാനാണ് മാര്‍ക്കറ്റില്‍ എത്തിയതെന്നാണ് സ്ത്രീകള്‍ പോലിസിന് മൊഴി നല്‍കിയത്. ദാഹിച്ചപ്പോള്‍ വെള്ളം ചോദിച്ചാണ് ഒരു കടയുടെ ഉള്ളില്‍ കയറിയത്. എന്നാല്‍ മോഷ്ടിക്കാന്‍ വന്നവരാണെന്ന് പറഞ്ഞ് മറ്റ് സ്ഥാപന ഉടമകളേയും ഒപ്പം കൂട്ടി അക്രമിക്കുകയായിരുന്നുവെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ആക്രമിക്കുന്നത് തടയാന്‍ കണ്ട് നിന്ന ഒരാള്‍ പോലും ശ്രമിച്ചില്ലെന്നും അവര്‍ പറയുന്നു. അറസ്റ്റിലായവര്‍ക്ക് പുറമേ ഒളിവിലുള്ള മറ്റുള്ളവരെ കണ്ടെത്താന്‍ പരിശോധനകള്‍ നടത്തുമെന്നും പോലിസ് വ്യക്തമാക്കി.

ദൗര്‍ഭാഗ്യകരമായ സംഭവത്തിന് കാരണക്കാരായവരില്‍ പ്രധാനികളായ അഞ്ച് പേരെ അറസ്റ്റ് ചെയ്തുവെന്ന് പോലിസ് ട്വീറ്റ് ചെയ്തു. കുറ്റക്കാരായ എല്ലാവരേയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് ശ്രമമെന്നും പോലിസ് വ്യക്തമാക്കി.


Tags:    

Similar News