തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഡോക്ടര്‍ വേഷം ധരിച്ച് എത്തിയ 17കാരിയെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി മെഡിക്കല്‍ കോളജ് പോലിസിന് കൈമാറി. ഇന്നലെ രാവിലെയായിരുന്നു സംഭവം.
സ്‌റ്റെതസ്‌കോപ്പ് ധരിച്ചെത്തിയ പെണ്‍കുട്ടി സുരക്ഷാ ജീവനക്കാരോട് ന്യൂറോളജി സര്‍ജനാണെന്ന് പരിചയപ്പെടുത്തി. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കാതിരുന്നതും പെരുമാറ്റത്തിലെ അസ്വാഭാവികതയും സംശയത്തിന് ഇടയാക്കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആള്‍മാറാട്ടം നടത്തിയതെന്ന് വ്യക്തമായത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെത്തുന്നതിന് മുന്‍പ് ആശുപത്രി ഇടനാഴികളിലും കാന്റീനിലും പെണ്‍കുട്ടി സഞ്ചരിച്ചതായി ദൃശ്യങ്ങളില്‍ വ്യക്തമായി. കാന്റീനില്‍ കണ്ട വേഷത്തില്‍ നിന്നു വ്യത്യസ്തമായ വേഷത്തിലാണ് പിന്നീട് ബ്ലോക്കിലെത്തിയതെന്നും പോലിസ് വ്യക്തമാക്കി.
പിടിയിലാകുമെന്ന് മനസ്സിലായതോടെ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വനിതാ സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് തടഞ്ഞു. ആദ്യം താന്‍ വിവാഹിതയാണെന്നും ഭര്‍ത്താവ് ശ്രീചിത്രയില്‍ ജോലി ചെയ്യുന്നതാണെന്നും അവകാശപ്പെട്ടെങ്കിലും പിന്നീട് അത് വ്യാജമാണെന്ന് വ്യക്തമായി. ചെറുപ്പം മുതല്‍ ഡോക്ടറാകാനുള്ള ആഗ്രഹം ഉണ്ടായിരുന്നു, ജിജ്ഞാസയുടെ ഭാഗമായാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെത്തിയതെന്നും പെണ്‍കുട്ടി പോലിസിന് മൊഴി നല്‍കി. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. തുടര്‍ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് മെഡിക്കല്‍ കോളജ് പോലിസ് അറിയിച്ചു.
