തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം; 14 കാരന്‍ ഗുരുതരാവസ്ഥയില്‍

ആനയറ സ്വദേശിയും സെന്റ് മേരീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ നീരജിനാണ് ക്രൂരമര്‍ദനമേറ്റത്. മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ നീരജ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Update: 2019-11-23 15:57 GMT

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരു സംഘം പതിനാലുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. തലസ്ഥാന നഗരിയിലാണ് ഗുണ്ടകള്‍ അഴിഞ്ഞാടിയത്. ആനയറ സ്വദേശിയും സെന്റ് മേരീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ നീരജിനാണ് ക്രൂരമര്‍ദനമേറ്റത്. മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ നീരജ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നീരജിന്റെ കൈകാലുകള്‍ തല്ലിയൊടിച്ച നിലയിലാണ്. ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. വയറ്റിനകത്ത് രക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ രാത്രി 9.30 ഓടെയാണ് ആക്രമണം. സംഭവത്തില്‍ കൊലക്കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റിലായി.

അമ്മയുടെ വീട്ടില്‍ നിന്ന് ആനയറയിലെ അച്ഛന്റെ വീട്ടിലേക്ക് വസ്ത്രങ്ങള്‍ എടുക്കാന്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. അച്ഛന്റെ മുന്‍കാല സുഹൃത്തുക്കളായ രാജേഷ്, അരുണ്‍ എന്നിവരാണ് മര്‍ദിച്ചത്. ഇവരില്‍ ഒരാളുടെ ഫോണ്‍ നീരജിന്റെ അച്ഛന്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് മര്‍ദനം. നീരജിനെ ബലം പ്രയോഗിച്ച് ഓട്ടോയില്‍ കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. തടിക്കഷ്ണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് മര്‍ദിച്ചതെന്ന് നീരജ് പറഞ്ഞു.

അക്രമത്തിനിടയ്ക്ക് ബന്ധുവിനെ നീരജ് ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. അച്ഛന്‍ ഫോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ തിരിച്ചു നല്‍കണമെന്ന് നീരജ് ആവശ്യപ്പെടുകയും ചെയ്തു.ആനയറ ഭാഗത്ത് കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടന്ന കൊലക്കേസിലെ പ്രതിയാണ് നീരജിനെ മര്‍ദിച്ചതില്‍ ഒരാള്‍.

Tags: