പാലക്കാട് 14കാരന്‍ ആത്മഹത്യ ചെയ്ത സംഭവം; പ്രധാന അധ്യാപികക്ക് സസ്‌പെന്‍ഷന്‍

Update: 2025-10-16 07:08 GMT

പാലക്കാട്: പാലക്കാട് 14കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടിയെടുത്ത് സ്‌കൂള്‍ മാനേജ്‌മെന്റ്. പ്രധാന ആധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. ആരോപണ വിധേയയായ അധ്യാപികയെയും സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.

കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അര്‍ജുനാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. കുട്ടിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തുകയായിരുന്നു. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയായി കുടുംബം ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ തള്ളി സ്‌കൂള്‍ മാനേജ്മെന്റ് രംഗത്തുവന്നു. അധ്യാപികയുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പ്രതികരണം. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

അതേസമയം, സസ്‌പെന്‍ഷന്‍ കൊടുത്തതുകൊണ്ടു മാത്രം തങ്ങള്‍ പ്രതിഷേധം നിര്‍ത്തില്ലെന്നും പിരിച്ചുവിടുന്നതടക്കമുള്ള നടപടിയിലേക്ക് മാനേജ്‌മെന്റ് കടക്കണമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Tags: