മ്യാന്‍മറില്‍ ഖനി അപകടം: 125 പേര്‍ മരിച്ചു; 200 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍

Update: 2020-07-02 15:20 GMT

നയ് പായി താവ്: വടക്കന്‍ മ്യാന്‍മറില്‍ ഹ്പാകാന്ദിലെ ഖനി ഇടിഞ്ഞ് 125 പേര്‍ മരിച്ചു. ഇരുന്നൂറോളം പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി പ്രദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ചൈനീസ് പത്രമായ സിജിടിഎന്‍ മീഡിയ റിപോര്‍ട്ട് ചെയ്തു. ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന അലങ്കാരക്കല്ലുകള്‍ കുഴിച്ചെടുക്കുന്ന ഖനിയിലാണ് അപകടം നടന്നത്.

തൊഴിലാളികള്‍ കല്ല് ശേഖരിക്കുന്നതിനിടയില്‍ ചളിനിറഞ്ഞ മണ്ണ് ഒഴുകിയിറങ്ങിയാണ് അപകടം നടന്നതെന്ന് ഫയര്‍ സര്‍വീസ് വിഭാഗം ഫെയ്‌സ്ബുക്ക് വഴി അറിയിച്ചു.

മ്യാന്‍മറിലെ കാഞ്ചിന്‍ സംസ്ഥാനത്ത് പ്രത്യേകിച്ച് ഹ്പാകാന്ദി ഖനി പ്രദേശത്ത് മഴക്കാലത്ത് ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും പതിവാണ്.

ഖനികളില്‍ നിന്ന് കല്ല് ശേഖരിക്കുന്നതാണ് പ്രദേശവാസികളുടെ മുഖ്യവരുമാനമാര്‍ഗം. ഇങ്ങനെ രൂപം കൊള്ളുന്ന മണ്‍കൂമ്പാരങ്ങള്‍ ഇടിയുന്നതും ഇവിടെ പതിവാണ്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് 2016ല്‍ ഓങ് സാന്‍ സൂ ചി അധികാരത്തിലെത്തിയ സമയത്ത് ഉറപ്പുനല്‍കിയിരുന്നു. പക്ഷേ, വാഗ്ദാനം വാക്കുകളിലൊതുങ്ങിയെന്നാണ് അവകാശപ്രവര്‍ത്തകര്‍ പറയുന്നത്.

മ്യാന്‍മറിലെ വലിയ വ്യവസായങ്ങളിലൊന്നാണ് അലങ്കാലക്കല്ല്. അല്‍ജസീറ നല്‍കുന്ന കണക്കനുസരിച്ച് മ്യാന്‍മര്‍ 2016-17 കാലത്ത് മാത്രം 75 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയത്. എന്നാല്‍ യഥാര്‍ത്ഥ മൂല്യം ഇതിനെയും കടത്തിവെട്ടുമെന്നാണ് വിദഗ്ധര്‍പറയുന്നത്.

ഖനികളുടെ അധികാരം പിടിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ വലിയ സംഘര്‍ഷങ്ങള്‍ക്കും വഴിവയ്ക്കാറുണ്ട്.  

Tags: