രാജ്യസഭാ അംഗമായ മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ സ്വത്ത് വിവരം വെളിപ്പെടുത്തുന്നതില്‍ നിന്ന് ഒഴിവാക്കിയതായി വിവരാവകാശ രേഖ

Update: 2020-06-06 09:23 GMT

ന്യൂഡല്‍ഹി: രാഷ്ട്രപതി നിര്‍ദേശിച്ച രാജ്യസഭാ അംഗങ്ങളെ സ്വത്ത് വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയതായി വിവരാവകാശ രേഖ. വിവരാവകാശ പ്രവര്‍ത്തകനായ ദീപക് ഗ്രോവര്‍ നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. രാഷ്ട്രപതി നിര്‍ദേശിക്കുന്ന 12 അംഗങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്നാണ് ഉത്തരവ്. പുതുതായി രാജ്യസഭാ അംഗമായ മുന്‍ സുപ്രിം കോടതി ജഡ്ജിയായ രഞ്ജന്‍ ഗൊഗോയ് അടക്കമുള്ളവര്‍ക്കാണ് സ്വത്ത് വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവ് നല്‍കിയിട്ടുളളത്.

രഞ്ജന്‍ ഗൊഗോയ്ക്കു പുറമെ മേരികോം, രഘുനാഥന്‍ മൊഹാപത്ര, സ്വപന്‍ ദാസ്ഗുപ്ത, ഡോ. സുബ്രഹ്മണ്യന്‍ സ്വാമി, സുരേഷ് ഗോപി എന്നിവരും ഉള്‍പ്പെടുന്നു. തിരഞ്ഞെടുക്കപ്പെടുന്ന 233 അംഗങ്ങളും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിയമപരമായി ബാധ്യസ്ഥരായ സമയത്താണ് 12 പേരെ ഒഴിവാക്കിയിരിക്കുന്നത്. മറ്റുളളവരുടെ കാര്യത്തില്‍ രാജ്യസഭാ അംഗങ്ങള്‍ മാത്രമല്ല, അവരുടെ ഭാര്യമാരും മക്കളും സ്വത്ത് വെളിപ്പെടുത്തണം.

പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ 250 അംഗങ്ങളാണ് ഉള്ളത്. നിലവിലെ രാജ്യസഭയില്‍ 245 അംഗങ്ങളുണ്ട്. ഇതില്‍ 233 പേരെ നിയമസഭാ അംഗങ്ങള്‍ ചേര്‍ന്ന് തിരഞ്ഞെടുക്കും. 12 പേരെ രാഷ്ട്രപതി ശുപാര്‍ശ ചെയ്യും. സാഹിത്യം, കല, സാമൂഹ്യസേവനം തുടങ്ങി വിവിധ മേഖലയില്‍ പ്രമുഖരായവരെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുക.  

Tags:    

Similar News