യുപി കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തം; മരണസംഖ്യ 12 പേര്‍ ആയി

Update: 2022-06-05 00:59 GMT

ഹാപൂര്‍: ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. പോലിസും ഫയര്‍ എന്‍ജിനുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ന്യൂഡല്‍ഹിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ധൗലാനയിലെ വ്യവസായ കേന്ദ്രത്തില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് പോലിസ് വക്താവ് സുരേന്ദ്ര സിങ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. സിഎന്‍ജി പമ്പിനോട് ചേര്‍ന്നാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും ആരംഭിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ ആഘാതം തീവ്രമായതിനാല്‍ സമീപത്തെ ചില ഫാക്ടറികളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. ഫാക്ടറിയിലുണ്ടായ തീ അണയ്ക്കാന്‍ അഗ്‌നിശമനസേനയ്ക്ക് മൂന്ന് മണിക്കൂര്‍ വേണ്ടിവന്നു. 12 പേര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും അവര്‍ ചികില്‍സയിലാണെന്നും ഹാപൂര്‍ പോലിസ് സൂപ്രണ്ട് ദീപക് ഭുക്കര്‍ പറഞ്ഞു. ഫാക്ടറിക്ക് ഇലക്‌ട്രോണിക് സാധനങ്ങള്‍ നിര്‍മിക്കാനുള്ള ലൈസന്‍സ് നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ ഇവിടെ എന്താണ് നടക്കുന്നതെന്നത് അന്വേഷിക്കേണ്ട വിഷയമാണ്. ഇത് ദു:ഖകരമായ സംഭവമാണ്. ഫോറന്‍സിക് സംഘം ഇവിടെയെത്തി സാംപിളുകള്‍ ശേഖരിച്ചുവരികയാണ്- ഹാപൂര്‍ മേധ ജില്ലാ മജിസ്‌ട്രേറ്റ് രൂപം പറഞ്ഞു. പരിക്കേറ്റവര്‍ക്ക് മികച്ച വൈദ്യചികില്‍സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമങ്ങള്‍. അവരില്‍ ചിലരെ സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്- അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവം വിദഗ്ധരെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു.

Tags: