ഡല്‍ഹിയില്‍ കൊവിഡ് മരണങ്ങള്‍ മൂടിവെച്ചു

ആകെ രണ്ടായിരത്തിലധികം കൊവിഡ് മരണങ്ങള്‍ സംഭവിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോഴും മരണ സംഖ്യ 984 ആണെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ പറയുന്നത്.

Update: 2020-06-11 15:36 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 മൂലം മരിച്ചവരുടെ വിവരങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ മൂടിവെക്കുന്നു. വ്യാഴാഴ്ച്ച നടന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച് വിമര്‍ശനമുയയര്‍ന്നു. 1114 കൊവിഡ് മരണങ്ങളെങ്കിലും ഡല്‍ഹി സര്‍ക്കാര്‍ മൂടിവെച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹിയിലെ ദക്ഷിണ എംസിഡി സോണില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ 1080 മൃതദേഹങ്ങളും ഉത്തര എംസിഡി സോണില്‍ 976 മൃതദേഹങ്ങളും സംസ്‌ക്കരിച്ചിട്ടുണ്ട്. കിഴക്കന്‍ സോണില്‍ 42 കൊവിഡ് മൃതദേഹങ്ങളും സംസ്‌ക്കരിച്ചു. ആകെ രണ്ടായിരത്തിലധികം കൊവിഡ് മരണങ്ങള്‍ സംഭവിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോഴും മരണ സംഖ്യ 984 ആണെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ പറയുന്നത്.

കഴിഞ്ഞ മാസം 800 കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചതായി കണക്കുകളുള്ളപ്പോള്‍ മരണ സംഖ്യ 250 ആണെന്നാണ് സര്‍ക്കാറിന്റെ കണക്കിലുള്ളത്. കൊവിഡ് മരണ സംഖ്യയും രോഗബാധിതരുടെ എണ്ണവും ഡല്‍ഹി സര്‍ക്കാര്‍ കുറച്ചുകാണിക്കുകയാണെന്ന് കഴിഞ്ഞ മാര്‍ച്ചിലും ആരോപണമുയര്‍ന്നിരുന്നു.


Tags: