ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; സുദാനില്‍ നൂറിലധികം മരണം

Update: 2022-06-14 01:34 GMT

കെയ്‌റോ: സുദാനില്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാഴ്ചയ്ക്കിടെ നൂറിലധികം ആളുകള്‍ മരിച്ചതായി റിപോര്‍ട്ട്. യുദ്ധമേഖലയായ വെസ്റ്റ് ദാര്‍ഫര്‍ പ്രവിശ്യയിലാണു സംഘര്‍ഷമെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി വിഭാഗം അറിയിച്ചു. പടിഞ്ഞാറന്‍ ദാര്‍ഫര്‍ പ്രവിശ്യയിലെ കുല്‍ബസില്‍ അറബ്- ആഫ്രിക്കന്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ പൊട്ടിപ്പുറപ്പെട്ടത്. 20 ഗ്രാമങ്ങള്‍ സായുധര്‍ അഗ്‌നിക്കിരയാക്കി.

62 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ആയിരങ്ങള്‍ പലായനം ചെയ്തതായും ഗോത്ര നേതാവ് അബ്കര്‍ അല്‍തും അറിയിച്ചു. സംഘര്‍ഷത്തില്‍ 117 പേര്‍ കൊല്ലപ്പെട്ടതായും ഗിമിര്‍ ഗോത്രത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്നും ഗിമിര്‍ ഗോത്രത്തലവനായ ഇബ്രാഹിം ഹഷേം പറഞ്ഞു. സുദാനിലെ യുഎന്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സിഷനല്‍ അസിസ്റ്റന്‍സ് മിഷന്റെ തലവനായ വോള്‍ക്കര്‍ പെര്‍ത്ത്‌സ് അടുത്തിടെ നടന്ന ഗോത്രവര്‍ഗ സംഘട്ടനങ്ങളെ അപലപിച്ചു.

വെസ്റ്റ് ഡാര്‍ഫറിലെ കുല്‍ബസില്‍ നിരവധി മരണങ്ങളുണ്ടായ അക്രമത്തില്‍ താന്‍ വീണ്ടും ഞെട്ടിപ്പോയി- പെര്‍ത്ത്‌സ് തിങ്കളാഴ്ച തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞു. സിവിലിയന്‍മാരുടെ സംരക്ഷണം വര്‍ധിപ്പിക്കാനും ഉറപ്പാക്കാനും കമ്മ്യൂണിറ്റി നേതാക്കളോടും അധികാരികളോടും സായുധസംഘങ്ങളോടും ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി അഭ്യര്‍ഥിച്ചു. 2019 ഏപ്രിലില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിന്റെ ഭരണകാലത്ത് 2003 മുതല്‍ സുദാനിലെ ദാര്‍ഫര്‍ പ്രദേശം ആഭ്യന്തരയുദ്ധത്തിന് സാക്ഷ്യം വഹിക്കുകയാണ്.

Tags:    

Similar News