കാനഡയിലെ സ്‌കൂളില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, 25 പേര്‍ക്ക് പരിക്ക്

Update: 2026-02-11 06:37 GMT

ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ പ്രതിയും ഉള്‍പ്പെടുന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു. വെടിവയ്പ്പില്‍ പരിക്കേറ്റ 25 പേരെ സമീപത്തെ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 1.20ഓടെയാണ് സംഭവം.

സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ ആറുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെട്ടു. കൂടാതെ സമീപത്തെ ഒരു കെട്ടിടത്തില്‍ നിന്ന് രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെത്തിയതായി പോലിസ് അറിയിച്ചു. പ്രതി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു അക്രമി ഉണ്ടെന്ന സൂചനകളില്ലെന്നും നിലവില്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയില്ലെന്നും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലിസ് വ്യക്തമാക്കി. വെടിവയ്പ്പിനെത്തുടര്‍ന്ന് പ്രദേശത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ വൈകുന്നേരത്തോടെ അവസാനിപ്പിച്ചു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് സൂപ്രണ്ട് കെന്‍ ഫ്‌ലോയിഡ് അറിയിച്ചു.

Tags: