കൊറോണ വൈറസ്: കുവൈത്തില്‍ 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; നാളെ മുതല്‍ സൗജന്യ മാസ്‌ക് വിതരണം

പ്രതിരോധത്തിന് ആവശ്യമായ മാസ്‌ക്കുകള്‍ തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യും

Update: 2020-02-28 11:09 GMT

കുവൈത്ത്: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 45 കടന്നു. പ്രതിരോധത്തിന് ആവശ്യമായ മാസ്‌ക്കുകള്‍ തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക വിമാനം വഴി ഒന്നര കോടിയോളം മുഖാവരണങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്.

കോപ്പറേറ്റീവ് സൊസൈറ്റികള്‍ വഴി ശനിയാഴ്ച മുതല്‍ 10 ലക്ഷം മുഖാവരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യും.

കുവൈത്ത് വിമാനത്താവളം വഴിയോ രാജ്യത്തിന്റെ മറ്റു അതിര്‍ത്തി കവാടങ്ങള്‍ വഴിയോ യാത്ര ചെയ്യുന്ന മുഴുവന്‍ യാത്രക്കാരും കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തുന്ന എല്ലാ ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയരായിരിക്കും. ഇതു സംബന്ധിച്ച് ഒരു പ്രതിജ്ഞപത്രം യാത്രക്കാര്‍ ഒപ്പിട്ടു നല്‍കണം. കുവൈത്തില്‍ തിരിച്ചെത്തുമ്പോള്‍ ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ 14 ദിവസത്തില്‍ കുറയാത്ത കാലയളവില്‍ പ്രത്യേക നിരീക്ഷണ കേന്ദ്രത്തില്‍ താമസിക്കേണ്ടിവരും.

അന്താരാഷ്ട്ര തലത്തില്‍ കൊറോണ വൈറസ ബാധ തടയുന്നതിന്റെ ഭാഗമായി മറ്റു രാജ്യങ്ങള്‍ കുവൈത്തിലേക്കും തിരിച്ചുമുള്ള യാത്രക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യതയും പ്രതിജ്ഞാ പത്രത്തില്‍ മുന്നറിയിപ്പായി രേഖപ്പെടുത്തിയിട്ടുമുണ്ട്. 

Tags:    

Similar News