കൊവിഡ് 19 പരത്തിയെന്ന് ആരോപണം; 54 വിദേശികളടക്കം 69 തബ്‌ലീഗ് പ്രവര്‍ത്തകര്‍ റിമാന്റില്‍

Update: 2020-05-18 18:41 GMT

ഭോപ്പാല്‍: 54 വിദേശികളടക്കം 69 തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ ഭോപ്പാല്‍ കോടതി റിമാന്റ് ചെയ്തു. രാജ്യത്ത് കൊറോണ പരത്തിയെന്നാരോപിച്ചാണ് നടപടി. കഴിഞ്ഞ ഒരു മാസമായി ക്വാറന്റീനില്‍ കഴിഞ്ഞശേഷമാണ് പോലിസ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 51 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെ ജസ്റ്റിസ് സുരേഷ് ശര്‍മ്മ 14 ദിവസത്തേക്ക് റിമാന്റ്‌ചെയ്തത്. 18 പേരെ നേരത്തെ തന്നെ ജയിലിലടച്ചിരുന്നു. കോടതി അവരുടെ ജാമ്യാപേക്ഷയും റദ്ദാക്കി.

കസാക്കിസ്താന്‍, ഉസ്ബക്കിസ്താന്‍, ഇന്തോനേഷ്യ, മ്യാന്‍മാര്‍, സൗത്ത് ആഫ്രിക്ക, താന്‍സാനിയ, കാനഡ, ലണ്ടന്‍, പെനിസുല്‍വാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് റിമാന്റ് പ്രതികളില്‍ 54 പേരെന്ന് പോലിസ് റിപോര്‍ട്ടില്‍ പറയുന്നു.

ന്യൂഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയ്ക്കു ശേഷമാണ് ഇവര്‍ ഭോപ്പാലിലെത്തിയതെന്ന് പോലിസ് പറയുന്നു. അവരുടെ വരവോടെ രാജ്യത്ത് കൊവിഡ് കേസുകളില്‍ വ്യാപകമായ കുതിച്ചുചാട്ടം ഉണ്ടായെന്നും പോലിസ് ആരോപിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുക, ജനങ്ങളുടെ ജീവന്‍ അറിഞ്ഞുകൊണ്ട് അപകടത്തിലാക്കുക തുടങ്ങി ദേശീയ ദുരന്തനിവാരണനിയമത്തിലെ വകുപ്പുകളും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. ഇതിനു പുറമേ പ്രതിചേര്‍ക്കപ്പെട്ടവരില്‍ വിദേശികളായവരുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവയ്ക്കുന്നതിനു പുറമേ വിസാ നിയമം ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്. കൂടുതല്‍ പേരെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.

Tags: