കൊവിഡ് 19: സുപ്രിം കോടതി നിര്‍ദേശമനുസരിച്ച് വിട്ടയക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ ജയിലില്‍ സംഘര്‍ഷം

Update: 2020-04-19 06:37 GMT

കൊല്‍ക്കൊത്ത: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രിം കോടതി നിര്‍ദേശമനുസരിച്ച് തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ ജയിലില്‍ സംഘര്‍ഷം. ബംഗാളിലെ ജല്‍പായ്ഗുരി സെന്‍ട്രല്‍ കറക്ഷന്‍ ഹോമിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

അന്തേവാസികള്‍ പ്രധാന ഗെയ്റ്റിനു സമീപം സംഘം ചേരുകയും പോലിസിനു നേരെ ഇഷ്ടികകള്‍ എറിയുകയും ചെയ്തു. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ജയിലുകളില്‍ നിന്ന് തടവുകാരെ പരമാവധി ജാമ്യം നല്‍കി വിട്ടയക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. തങ്ങളുടെ ജാമ്യത്തിനു വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് തടവുകാരുടെ ആക്ഷേപം.

വിചാരണത്തടവുകാരടങ്ങുന്ന അന്തേവാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ ജയില്‍ അകത്തുനിന്ന് അടച്ചൂപൂട്ടി. രാവിലെ തുടങ്ങിയ സംഘര്‍ഷം ഇപ്പോഴും തുടരുന്നു.

സംഘര്‍ഷം കൈവിട്ടുപോകുന്ന ഘട്ടത്തില്‍ ജയില്‍ അധികാരികള്‍ പോലിസിനെ അറിയിച്ചു. മുതിര്‍ന്ന പോലിസ്, ജയില്‍ അധികാരികള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ജാമ്യത്തിന് ആവശ്യമായ നടപടികള്‍ തുടങ്ങാമെന്ന് അധികൃതര്‍ തടവുകാര്‍ക്ക് ഉറപ്പുനല്‍കി.

റാപിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്. 

Tags: