കൊവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിരോധവും ജാഗ്രതയും ഉറപ്പാക്കി വിശ്രമമില്ലാതെ ജില്ലാ ഭരണകൂടം

Update: 2020-04-02 10:14 GMT

മലപ്പുറം: കൊവിഡ് 19 ആഗോള വെല്ലുവിളിയാകുമ്പോള്‍ മലപ്പുറം ജില്ലയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ അക്ഷീണ പരിശ്രമത്തിലാണ് ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം മുതല്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളില്‍ ഉത്തരവാദിത്തത്തോടെയുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ ഇടപെടല്‍ നിര്‍ണായകമാവുകയാണ്.

ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാതല കണ്‍ട്രോള്‍ റൂം ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു. ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് ദുരന്ത നിവാരണ വിഭാഗത്തില്‍ രാപ്പകലില്ലാതെ കര്‍മ്മ നിരതരായിരിക്കുന്നത്. അന്തര്‍സംസ്ഥാന തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജുവിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവയെ ഏകോപിപ്പിച്ച് ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അഞ്ചംഗ പ്രത്യേക സംഘം അന്തര്‍സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു. തൊഴിലാളികളെ താമസ സ്ഥലത്തു നിന്നു ഇറക്കിവിടാതിരിക്കാന്‍ വേണ്ട നടപടികളും കൈകൊണ്ടിട്ടുണ്ട്.

ഭക്ഷണ സാധനങ്ങളുടെ ലഭ്യതയും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ കണ്‍ട്രോള്‍ സെല്ലുകള്‍വഴി ജില്ലയില്‍ ഉറപ്പാക്കുന്നുണ്ട്. ഇതിനായി എ.ഡി.എം എന്‍.എം. മെഹറലിയുടെ മേല്‍നോട്ടത്തിലുള്ള കണ്‍ട്രോള്‍ സെല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. പൊതു വിപണികളില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം അമിത വില ഈടാക്കുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങളും ഇവരുടെ ചുമതലയിലാണ് നടക്കുന്നത്. അവശ്യ സാധനങ്ങള്‍ ഇതര ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കാന്‍ ചരക്കു വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഡെപ്യൂട്ടി കലക്ടര്‍ പി. മുരളീധരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്‍ ഉറപ്പാക്കുന്നു. റവന്യൂ, മോട്ടോര്‍ വാഹനം, ആരോഗ്യ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള 15 അംഗ കണ്‍ട്രോള്‍ സെല്ലില്‍ നിന്നാണ് ചരക്കു വാഹനങ്ങള്‍ക്കുള്ള യാത്രാ പാസുകള്‍ നല്‍കുന്നത്. ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയാണ് ഭക്ഷണ സാധനങ്ങള്‍ ജില്ലയിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

കൊവിഡ് 19 ആശങ്ക ഉടലെടുത്തതുമുതല്‍ വിശ്രമമില്ലാതെയുള്ള സേവനത്തിലാണ് കണ്‍ട്രോള്‍ സെല്ലുകളും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സംഘവും. ജില്ലയ്ക്കു പുറത്തുള്ള ഉദ്യോഗസ്ഥരടക്കം ബന്ധപ്പെട്ട ഓഫീസുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്താണ് കൊവിഡ് ഭീഷണിക്കെതിരെ പ്രതിരോധമൊരുക്കുന്നത്. 

Similar News