കുവൈത്തില്‍ വിദേശികള്‍ താമസിക്കുന്ന ഭാഗങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യത

Update: 2020-04-01 06:07 GMT

കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതി സുസ്ഥിരപ്പെടുത്തുന്നതിനും സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികളെ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ബാധിക്കില്ലെന്ന് ഉറപ്പു വരുത്താനും കുവൈത്തില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രാദേശിക വിപണികളില്‍ ഭക്ഷ്യ, ഔഷധ ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും വില നിലവാരവും ഉറപ്പു വരുത്തുക, കരാര്‍ തൊഴിലാളികള്‍ക്ക് നിശ്ചിത മിനിമം വേതനം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് മറ്റു തീരുമാനങ്ങള്‍. പ്രാദേശിക ബാങ്കുകളില്‍ നിന്നുള്ള സംയുക്ത ധനസഹായത്തിലൂടെയും ദേശീയ വികസന ഫണ്ട് വഴിയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനും പരിപാലനത്തിനും പിന്തുണ നല്‍കാനും തീരുമാനിച്ചു.

രാജ്യത്ത് സമ്പൂര്‍ണ കര്‍ഫ്യൂ തല്‍ക്കാലം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തോടെയാണ് ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു നിന്ന മന്ത്രിസഭ യോഗം പിരിഞ്ഞത്. എന്നാല്‍ രാജ്യത്ത് വിദേശികള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ചിലര്‍ ആവശ്യപ്പെട്ടെങ്കിലും വരും ദിവസങ്ങളിലെ സ്ഥിതിഗതിഗതികള്‍ വിലയിരുത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളാമെന്നാണ് ധാരണ. ജിലീബ് അല്‍ ശുയൂഖ്, ഫര്‍വ്വാനിയ, ഖൈത്താന്‍, സാല്‍മിയ, ഹവല്ലി, മഹബൂല, സാല്‍മിയ, കുവൈത്ത് സിറ്റിയിലെ ബിന്‍ ഈദ് അല്‍ ഘാര്‍, ഷുവൈഖ്, അല്‍ റായ്, മിന അബ്ദുല്ല വ്യവസായ മേഖലകള്‍ മുതലായ പ്രദേശങ്ങള്‍ക്കാണ് സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനായി തയ്യാറാക്കിയ പട്ടികയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലെ എല്ലാ കവാടങ്ങളിലും സുരക്ഷാ സന്നാഹം വിന്യസിക്കുവാനും ജനങ്ങളുടെ പോക്കുവരവിന് നിയന്ത്രണം ഏര്‍പ്പെടുത്താനും സുരക്ഷാ സേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Similar News