മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസിന്റെ കൊലപാതകം: വളര്‍ത്തമ്മ സിനി മാത്യൂസിനെ വെറുതെവിട്ടു
തെളിവുകള്‍ ഇല്ലെന്നു പ്രോസിക്യൂഷന് കോടതില്‍ വ്യക്തമാക്കിയതോടെയാണ് ഇവരെ കുറ്റവിമുക്തരാക്കിയത്.
വാഷിങ്ടണ്‍: മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ മലയാളി യുവതിയെ അമേരിക്കന്‍ കോടതി വെറുതെവിട്ടു. വളര്‍ത്തമ്മ സിനി മാത്യൂസിനെ 15 മാസത്തിന് ശേഷമാണ് ജയിലില്‍ നിന്ന് മോചിപ്പിച്ചത്. തെളിവുകള്‍ ഇല്ലെന്നു പ്രോസിക്യൂഷന് കോടതില്‍ വ്യക്തമാക്കിയതോടെയാണ് ഇവരെ കുറ്റവിമുക്തരാക്കിയത്. 2017 ഒക്ടോബറിലാണ് മൂന്ന് വയസുകാരി ഷെറിന് മാത്യൂസ് കൊല്ലപ്പെട്ടത്.
ഷെറിനെ വീട്ടില്‍ നിന്ന് കാണാതാവുകയും പിന്നീട് ഒരു കിലോ മീറ്റര്‍ അകലെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കളായ വെസ്ലി മാത്യുസിനേയും സിനിയേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഷെറിനെ വീട്ടില്‍ തനിച്ചാക്കി പോയി അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് സിനിക്കെതിരെ കുറ്റം ചുമത്തിയത്. എന്നാല്‍ വളര്‍ത്തമ്മ സിനിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷന് ഇവരെ വിട്ടയക്കാന്‍ അപേക്ഷിക്കുകയായിരുന്നു. എന്നാല്‍ സിനിയുടെ ഭര്‍ത്താവ് വെസ്ലി മാത്യൂസ് അടുത്തമാസം വിചാരണ നേരിടും. കൊലകുറ്റമാണ് മാത്യൂസിനെതിരെ ചുമത്തിയിരിക്കുന്നത്.