മുംബൈയിലെ കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തം: മരണം 11 ആയി

നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.പന്ത്രണ്ടോളം കുടുംബങ്ങളിലെ അംഗങ്ങള്‍ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് നിഗമനം.

Update: 2019-07-16 19:07 GMT

മുംബൈ: ദക്ഷിണ മുംബൈയിലെ ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള കേസര്‍ബായി കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.പന്ത്രണ്ടോളം കുടുംബങ്ങളിലെ അംഗങ്ങള്‍ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് നിഗമനം. ദേശീയ ദുരന്തനിവാരണ സേന അടക്കമുള്ളവര്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വെള്ളം കയറിയ പ്രദേശത്താണു കെട്ടിടം തകര്‍ന്നത്. നിരവധി കെട്ടിടങ്ങള്‍ക്കു നടുവില്‍ ഇടുങ്ങിയ വഴികളാണ് ഇവിടുള്ളത്. ഇതു രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ആംബുലന്‍സുകള്‍ക്കും അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ക്കും സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റാനും രക്ഷാ പ്രവര്‍ത്തകര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

ഏകദേശം 90-100 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എണ്‍പതോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കം കെട്ടിടങ്ങളുടെ ബലക്ഷയത്തിന് കാരണമായിട്ടുണ്ട്. മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Tags:    

Similar News