ഒരു കാളരാത്രിയുടെ ഓര്‍മയ്ക്ക്

Update: 2015-06-26 07:26 GMT

രാജ്യത്തെ ഭീതിയുടെ ഇരുളിലാഴ്ത്തിയ അടിയന്തരാവസ്ഥയ്ക്ക് നാല്‍പ്പതു വയസ്സാവുകയാണ്. മഹത്തരമെന്നു നാം നിരന്തരം വാഴ്ത്തുന്ന നമ്മുടെ ജനാധിപത്യത്തെ തോല്‍പ്പിച്ച് ഏകാധിപതിയായ ഒരു ഭരണാധികാരി നടത്തിയ തേര്‍വാഴ്ചയുടെ നടുക്കുന്ന ഓര്‍മകളുമായാണ് ജൂണ്‍ 26 വീണ്ടും കടന്നുവരുന്നത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഭരണഘടനയുടെ 352ാം വകുപ്പ് ദുരുപയോഗപ്പെടുത്തി പൗരാവകാശങ്ങള്‍ റദ്ദാക്കുകയും പത്രസ്വാതന്ത്ര്യത്തിനു വിലങ്ങുതീര്‍ക്കുകയും ചെയ്ത് 1975 ജൂണ്‍ 25 അര്‍ധരാത്രിയില്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചു.

ആഭ്യന്തരമോ വൈദേശികമോ ആയ യാതൊരു സുരക്ഷാഭീഷണിയും രാജ്യം അഭിമുഖീകരിക്കാതിരുന്ന ഒരു ഘട്ടത്തിലാണ് ഇന്ദിര സ്വന്തം ജനതയ്ക്ക് ഭയത്തിന്റെ കാളരാത്രികള്‍ സമ്മാനിച്ചത്. കേരളത്തിലും അതിന്റെ അലയൊലികളുണ്ടായി. പതിനായിരങ്ങള്‍ തടവറകളിലാക്കപ്പെട്ടു. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന രാജന്‍ അടക്കം പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടവരേറെ. വിമോചനചിന്തകളുടെ അപ്പോസ്തലന്‍മാരെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകളുടെ ഒരു കഷണം കേരളത്തില്‍ അടിയന്തരാവസ്ഥയ്ക്ക് ഓശാന പാടിയത് ചരിത്രത്തിന്റെ ക്രൂരമായ ഒരു തമാശ മാത്രം.


ഓരോ ആണ്ടറുതിയിലും രാജ്യം അടിയന്തരാവസ്ഥയെ അനുസ്മരിക്കുന്നു. ഭൂതകാലത്തെക്കുറിച്ചുള്ള പരിദേവനങ്ങളല്ലാതെ വര്‍ത്തമാനകാലത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് പക്ഷേ, അപ്പോഴും നാം മനപ്പൂര്‍വം നിശ്ശബ്ദരാവുന്നു. അടിയന്തരാവസ്ഥ ഇല്ലാതെത്തന്നെയാണ് ടാഡ, പോട്ട, എന്‍.എസ്.എ., അഫ്‌സ്പ, യു.എ.പി.എ. തുടങ്ങിയ ഭീകര നിയമങ്ങള്‍ ഉപയോഗിച്ചു പലപ്പോഴായി സ്വന്തം പൗരന്‍മാരോട് യുദ്ധം ചെയ്യാന്‍ ഭരണകൂടങ്ങള്‍ ഹീനനീക്കങ്ങള്‍ നടത്തിയത്.

ഏറ്റുമുട്ടല്‍ കൊലകള്‍, നിരപരാധികളുടെ വര്‍ഷങ്ങള്‍ നീളുന്ന ജയില്‍വാസം, മാധ്യമങ്ങള്‍ക്കു നേരെ നീണ്ടുവരുന്ന അധോരാഷ്ട്രത്തിന്റെ നീരാളിക്കൈകള്‍, ന്യൂനപക്ഷങ്ങളില്‍ ഭീതി വിതയ്ക്കുന്ന വര്‍ഗീയ ശക്തികളുടെ വംശഹത്യാ പദ്ധതികള്‍- ഇങ്ങനെ ഇന്ത്യന്‍ സാമൂഹിക മണ്ഡലത്തില്‍ ഫാഷിസ്റ്റ് വിചാരധാരയുടെ വിപത്‌സൂചനകള്‍ വിളംബരം ചെയ്യുന്ന ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്.

അടിയന്തരാവസ്ഥയുടെ നിഴലനക്കങ്ങളെക്കുറിച്ചുള്ള അപായമണിമുഴക്കങ്ങള്‍ നമ്മുടെ കാതുകളില്‍ എത്തിക്കഴിഞ്ഞു. അതൊരു സാധ്യതയാണ്. എല്ലാ അധികാരവും തന്നിലേക്കു കേന്ദ്രീകരിക്കുകയും അര്‍ധസൈനിക ഫാഷിസ്റ്റ് സംഘമായ ആര്‍.എസ്.എസിന്റെ ആജ്ഞാനുവര്‍ത്തിയായി നിലകൊള്ളുകയും ചെയ്യുന്ന നരേന്ദ്ര മോദി, ഏകാധിപതിയാവാന്‍ കെല്‍പ്പുള്ളവനാണ് താനെന്നു കൂടുതല്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തെ പ്രസിഡന്‍ഷ്യല്‍ ഭരണമാതൃകയിലേക്ക് കാര്യമായി ഒരു എതിര്‍പ്പുമില്ലാതെ പരിവര്‍ത്തിപ്പിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആശങ്ക അസ്ഥാനത്തല്ല.

അടിയന്തരാവസ്ഥക്കാലത്ത് കുനിഞ്ഞുനില്‍ക്കാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞ മാധ്യമ കേസരികള്‍ ഇന്ന് ഒന്നും കല്‍പ്പിക്കാതെത്തന്നെ സ്തുതികീര്‍ത്തനവും പ്രതിച്ഛായാ നിര്‍മിതിയും ഏറ്റെടുത്തുകഴിഞ്ഞു. എന്നിരുന്നാല്‍ത്തന്നെയും ഇന്ത്യന്‍ ജനാധിപത്യത്തിന് ഇനിയും അതിജീവനശേഷിയുണ്ട്, നാം പൗരന്‍മാര്‍ ജാഗ്രത പാലിക്കുമെങ്കില്‍.
Tags:    

Similar News