മധ്യപ്രദേശ് പിടിക്കാന്‍ കോണ്‍ഗ്രസും പശുവിന്റെ പിന്നാലെ

Update: 2018-09-05 08:51 GMT


ഭോപ്പാല്‍: തുടര്‍ച്ചയായി മൂന്നാം തവണയും ബിജെപി ഭരിച്ചുകൊണ്ടിരിക്കുന്ന മധ്യപ്രദേശ് തിരിച്ചുപിടിക്കാന്‍ ഇത്തവണ സകല അടവും പയറ്റുകയാണ് കോണ്‍ഗ്രസ്. ഇതിനു വേണ്ടി ഭരണ വിരുദ്ധ വികാരം മുതലെടുക്കുന്നതിനൊപ്പം സംഘപരിവാരത്തിന്റെ പല നയങ്ങളും പിന്തുടരാനും കോണ്‍ഗ്രസ് മടിക്കുന്നില്ല.

ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മതം ഒരു പ്രധാന ഘടകമാവുമെന്ന് കണ്ടറിഞ്ഞു തന്നെയാണ് കോണ്‍ഗ്രസിന്റെ കളി. ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി വ്യാപകമായി ക്ഷേത്രസന്ദര്‍ശനം നടത്തുന്നതിനൊപ്പം പശു സംരക്ഷണവും പാര്‍ട്ടി അതിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച്ച ഗഞ്ജ്ബസോദയില്‍ നടന്ന റാലിയില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കമല്‍ നാഥ് തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനവും നടത്തി. നിങ്ങള്‍ പശുക്കളുടെ അവസ്ഥ നോക്കൂ.. ബിജെപി എപ്പോഴും പശുക്കളെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍, ഒന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഓരോ പഞ്ചായത്തിലും ഗോശാല നിര്‍മിക്കും-കമല്‍ നാഥ് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ആദ്യമായി പശുക്കള്‍ക്ക് വേണ്ടി സംരക്ഷണ കേന്ദ്രം തുടങ്ങിയ ബിജെപി ഇതിനെ എതിര്‍ക്കുന്നതിന് പകരം സ്വാഗതം ചെയ്യുകയാണ് ചെയ്തത്. ഇപ്പോഴെങ്കിലും അവര്‍ ഗോമാതാവിനെ ഓര്‍ത്തതില്‍ സന്തോഷമുണ്ടെന്ന് ബിജെപി വക്താവ് ഡോ. ഹിതേഷ് ബാജ്‌പേയി പറഞ്ഞു. അവര്‍ ബീഫ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചവരാണ്. അവര്‍ക്ക് പശുവിന്റെ സാമൂഹിക, സാമ്പത്തിക പ്രാധാന്യം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതില്‍ രാഷ്ട്രീയമില്ലെന്നും വിശ്വാസത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് വക്താവ് ശോഭ ഓജ വിശദീകരിച്ചു. ഗോമാതാക്കളുടെ അവസ്ഥ നോക്കൂ, അവ പ്ലാസ്റ്റിക്ക് തിന്ന് മരിച്ചു വീഴുകയാണ്-അവര്‍ പറഞ്ഞു.

മധ്യപ്രദേശില്‍ 90 ലക്ഷത്തിലേറെ പശുക്കളുണ്ടെന്നാണ കണക്ക്. അവയില്‍ 1.5 ലക്ഷം മാത്രമാണ് സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്ത കൗ ഷെല്‍ട്ടറുകളില്‍ കഴിയുന്നത്. ഒന്നര ലക്ഷോത്തളം പശുക്കള്‍ തെരുവില്‍ അലഞ്ഞു നടക്കുന്നവയാണ്.

അതേ സമയം, പശുവിന്റെ പേരില്‍ ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്ന സംസ്ഥാനങ്ങളിലൊന്ന് കൂടിയാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്. ഏറ്റവുമൊടുവില്‍ മെയ് മാസത്തിലാണ് സംസ്ഥാനത്ത് പശുവിനെ അറുത്തു എന്നാരോപിച്ച് ഹിന്ദുത്വര്‍ ഒരാളെ തല്ലിക്കൊന്നത്.
Tags:    

Similar News