പാലക്കാട്: എറണാകുളം നോര്‍ത്ത്, തൃശൂര്‍ റെയില്‍വേസ്റ്റേഷനുകള്‍ക്കിടയില്‍ പാളം നവീകരണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഒക്ടോബര്‍ ആറുവരെ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള വണ്ടികള്‍ ആഴ്ചയില്‍ മുന്നുദിവസം റദ്ദാക്കി. ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളിലെ യാത്രയാണ് റദ്ദാക്കിയത്
പാലക്കാട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട് റൂട്ടില്‍ അമൃത എക്സ്പ്രസുകളുടെ യാത്രയിലും പണിനടക്കുന്ന ദിവസങ്ങളില്‍ ക്രമീകരണമുണ്ടാവും. എറണാകുളം-കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്സ്പ്രസ് (16305), കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി (16306), കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍ (56362), നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ (56363) എന്നിവയും ഈ ദിവസങ്ങളില്‍ റദ്ദാക്കിയിട്ടുണ്ട്.
എറണാകുളം-കണ്ണൂര്‍ ഇന്റര്‍ സിറ്റി റദ്ദാക്കിയതുമൂലമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് നാഗര്‍കോവില്‍ മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ് അങ്കമാലി, ഇരിങ്ങാലക്കുട സ്റ്റേഷനുകളില്‍ ഈ ദിവസങ്ങളില്‍ നിര്‍ത്തും.