തീരം മലിനമാക്കുന്ന മോദിയും തീരം സംരക്ഷിച്ച ഇന്ദിരയും; രണ്ടു ബീച്ച് നടത്തങ്ങളുടെ കഥ

1981 നവംബര്‍ 27നു പുരി കടപ്പുറത്തെ കുറച്ചു ചവറു പെറുക്കി ഫോട്ടോ രാജ്യത്തെ എല്ലാ പത്രങ്ങളിലും വരുത്താന്‍ കഴിവുള്ള കാലത്താണ് ഇന്ദിരാഗാന്ധി, ഒരു ഭരണാധികാരിയുടെ പണി അതല്ല, ഭാവിയിലേക്കുള്ള നിയമനിര്‍മ്മാണവും അത് നടപ്പാക്കലുമാണ് എന്നു രാജ്യത്തിനു കാണിച്ചുതന്നത്. ഉള്ള നിയമങ്ങള്‍ തച്ചു തകര്‍ത്തിട്ട് ഇതുപോലെ കോമാളി കളിക്കുകയായിരുന്നില്ല അവര്‍ ചെയ്തത്.

Update: 2019-10-14 05:40 GMT

അഡ്വ. ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

തീരദേശപരിപാലന നിയന്ത്രണ വിജ്ഞാപനമാണ് ഇന്ത്യയില്‍ കടല്‍ത്തീരം സംരക്ഷിക്കാനുള്ള ഏക നിയമം. ഇന്ദിരാഗാന്ധി 1981 നവംബര്‍ 27 നു പുരി കടപ്പുറത്ത് നടക്കാന്‍ പോയി. അപ്പോള്‍ തീരം നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും തീരത്തെ മാലിന്യവും ഒക്കെ കണ്ടു മനംമടുത്ത്, തീരമുള്ള സംസ്ഥാനങ്ങളോട് അത് സംരക്ഷിക്കാന്‍ ഒരു നിയമമുണ്ടാക്കാന്‍ ഒരു കത്തയച്ചു, 1982 ല്‍ തീരപരിപാലനത്തിനു ഒരു ഉന്നതതല സമിതി ഉണ്ടാക്കി. അവരുടെ റിപ്പോര്‍ട്ടിന്മേല്‍ 1983 ല്‍ 

Environmental Guidelines for Development of Beaches എന്ന് കേന്ദ്രസര്‍ക്കാര്‍ ഒരു മാര്‍ഗരേഖ ഉണ്ടാക്കി. താപനിലയങ്ങളില്‍ നിന്നടക്കമുള്ള മാലിന്യങ്ങള്‍ തള്ളുന്നത് നിരോധിച്ച് 1987ല്‍ നിയമമുണ്ടായി. അതില്‍നിന്നാണ് ക്രമേണ 1991 ല്‍ CRZ വിജ്ഞാപനമായി രാജ്യത്ത് ഒരു നിയമം നിലവില്‍ വന്നത്. തീരം മലിനമാക്കുന്ന, നശിപ്പിക്കുന്ന ഏതൊരു പ്രവര്‍ത്തിയെയും ക്രിമിനല്‍ കുറ്റമാക്കി. മലിനീകരണമുണ്ടാക്കുന്ന കമ്പനികളുടെ ഡയറക്ടര്‍മാരെ വരെ ശിക്ഷിക്കാനുള്ള നിയമമായി അത് വളര്‍ന്നു.

2014 നു ശേഷം CRZ നിയമം എത്ര തവണ ഭേദഗതി ചെയ്തു? വെള്ളം ചേര്‍ത്തു? പരിസ്ഥിതി ചട്ടം 5(3) അനുസരിച്ച്, ഭേദഗതി ചെയ്യാന്‍ പോകുന്ന നിയമത്തിന്റെ ഡ്രാഫ്റ്റ് ഗസറ്റില്‍ കൊടുത്ത് 30 ദിവസം ജനങ്ങളുടെ എതിര്‍പ്പ് ചോദിച്ചതിന് ശേഷം മാത്രമേ ഭേദഗതി പാടുള്ളൂ. എന്നാല്‍, അതുപോലും ചെയ്യാതെ പിന്‍വാതിലിലൂടെയാണ് മോദിയുടെ സര്‍ക്കാര്‍ നിരവധി ഭേദഗതികള്‍ കൊണ്ടുവന്നത്. പലതും കോടതികള്‍ ഇടപെട്ടു തടഞ്ഞു. ഇതുവരെയുള്ള നിയമലംഘനങ്ങള്‍ മുഴുവന്‍ ക്രമവല്‍ക്കരിച്ചു കൊടുക്കാനുള്ള ഭേദഗതി പോലും മോദി കൊണ്ടുവന്നു! അതുവഴി എത്രലക്ഷം ടണ്‍ മാലിന്യമാവണം ഈ രാജ്യത്തിന്റെ തീരങ്ങളെ നശിപ്പിച്ചത്! ഡല്‍ഹി ഹൈക്കോടതി അത് സ്‌റ്റേ ചെയ്തില്ലായിരുന്നെങ്കില്‍ ഈ രാജ്യത്തിന്റെ തീരവും മല്‍സ്യസമ്പത്തും ഒക്കെ ഇനിയുമിനിയും നശിച്ചേനെ. രാസമാലിന്യങ്ങള്‍ കടലില്‍ ഒഴുക്കുന്ന, നഗരമാലിന്യം മുതല്‍ മെഡിക്കല്‍ മാലിന്യങ്ങള്‍ വരെ തീരങ്ങളില്‍ നിക്ഷേപിക്കുന്ന കമ്പനികളോട് അങ്ങേയറ്റം ഉദാരനിലപാടുകള്‍ പ്രഖ്യാപിച്ചു മോദിസര്‍ക്കാര്‍ തീരദേശ പരിസ്ഥിതിക്ക് ഏല്‍പ്പിച്ച ആഘാതം നാം വിചാരിക്കുന്നതിലും എത്രയോ വലുതാണ്.

2019ല്‍ പുതിയ തീരദേശ വിജ്ഞാപനം കൊണ്ടുവരികയും 2011 ല്‍ നിയമലംഘനമായിരുന്ന പല പല പ്രവര്‍ത്തികളും ഇപ്പോള്‍ അനുവദിക്കുന്ന, അതുവഴി തീരം നശിപ്പിക്കുന്ന നയം പ്രഖ്യാപിച്ചതും ഇതേ മോദിയാണ്.

ഈ നിയമലംഘനങ്ങള്‍ തടയാനും, കുറ്റക്കാരെ ശിക്ഷിക്കാനും 2010ല്‍ നിലവില്‍വന്ന ഹരിത ട്രിബ്യൂണല്‍ എന്ന സിസ്റ്റം തന്നെ മോദി തച്ചുതകര്‍ത്തു. രാജ്യത്തെ ആകെയുള്ള 4 പ്രാദേശിക ബെഞ്ചുകള്‍ അടച്ചുപൂട്ടി. ജഡ്ജിമാരുടെ അധികാരം വെട്ടിച്ചുരുക്കി. നിയമനം നടത്താതെ അതിനെ പ്രവര്‍ത്തനരഹിതമാക്കി.

ആ മോദിയാണ് മാവല്ലപുരത്ത് സ്വകാര്യ ഹോട്ടലിന്റെ തീരത്ത് അതീവ സുരക്ഷാ ഭടന്മാരുടെ കാവലില്‍, കുറച്ച് പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുകയും രാത്രി ക്യാമറകളുടെ സഹായത്തോടെ അത് പെറുക്കുന്നത് ഷൂട്ട് ചെയ്ത് സ്വന്തം വാളില്‍ ഷെയര്‍ ചെയ്തു രാജ്യത്തെ കാണിക്കുകയും ചെയ്യുന്നത്. എന്നിട്ട് 'രാജ്യത്തെ പ്രധാനമന്ത്രി എന്തോ വലിയ മാതൃക കാണിക്കുന്നു' എന്നു അണികളെക്കൊണ്ടും ഭക്തന്മാരെക്കൊണ്ടും ഭക്തമാധ്യമ സംഘങ്ങളെക്കൊണ്ടും ഭജന ചൊല്ലിക്കുന്നത്!

1981 നവംബര്‍ 27നു പുരി കടപ്പുറത്തെ കുറച്ചു ചവറു പെറുക്കി ഫോട്ടോ രാജ്യത്തെ എല്ലാ പത്രങ്ങളിലും വരുത്താന്‍ കഴിവുള്ള കാലത്താണ് ഇന്ദിരാഗാന്ധി, ഒരു ഭരണാധികാരിയുടെ പണി അതല്ല, ഭാവിയിലേക്കുള്ള നിയമനിര്‍മ്മാണവും അത് നടപ്പാക്കലുമാണ് എന്നു രാജ്യത്തിനു കാണിച്ചുതന്നത്. ഉള്ള നിയമങ്ങള്‍ തച്ചു തകര്‍ത്തിട്ട് ഇതുപോലെ കോമാളി കളിക്കുകയായിരുന്നില്ല അവര്‍ ചെയ്തത്. അതുകൊണ്ട് രാജ്യത്തെ തീരത്തോട് 38 വര്‍ഷം ഒരല്‍പ്പം കരുതലുണ്ടായി.

ഈ രാജ്യം മുഴുവന്‍ മോദിഭക്തരായ കിഴങ്ങന്‍മാരല്ല എന്നു ഇയാളെന്നാണ് മനസിലാക്കുക? ഇത്തരം PR പണികള്‍ കൊണ്ട് മാവല്ലപുരത്ത് ഒപ്പിട്ട കരാറിന്റെ ശരിതെറ്റുകള്‍ രാജ്യം ചര്‍ച്ച ചെയ്യില്ല എന്നാണോ ഇയാള്‍ കരുതുന്നത്?

ഒറ്റ ചോദ്യമേ പൗരന്മാരില്‍ നിന്ന് ഇയാള്‍ അര്‍ഹിക്കുന്നുള്ളൂ.

ഹേയ് മോദിജീ, തനിക്ക് നാണമില്ലേ??

അഡ്വ. ഹരീഷ് വാസുദേവന്‍ 

Full View

Tags:    

Similar News