മോദിയെ പുകഴ്ത്തിയിട്ടില്ല; എന്റെ വിമര്‍ശനങ്ങള്‍ സൃഷ്ടിപരം: ശശി തരൂര്‍ എംപി

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള എന്റെ സദൃഢമായ പ്രതിരോധമാണ് മൂന്ന് തിരഞ്ഞെടുപ്പുകളിലും എന്നെ വിജയിപ്പിച്ചത്. പാര്‍ലമെന്റില്‍ നമ്മുടെ പാര്‍ട്ടിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തിലെപ്പോഴും ഞാന്‍ മുന്‍നിരയിലുണ്ടാവും. സര്‍ക്കാരിനെതിരെയുള്ള നമ്മുടെ വിമര്‍ശനങ്ങള്‍ സത്യസന്ധവും മൂര്‍ച്ചയുള്ളതും ക്രിയാത്മകവും സൃഷ്ടിപരവുമായിരിക്കണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

Update: 2019-08-29 07:44 GMT

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയിട്ടില്ലെന്നും തന്റെ വിമര്‍ശനങ്ങള്‍ സൃഷ്ടിപരമാണെന്നും ശശി തരൂര്‍ എംപി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി വിശദീകരണം തേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയ മറുപടിയിലാണ് ശശി തരൂര്‍ എംപി ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള എന്റെ സദൃഢമായ പ്രതിരോധമാണ് മൂന്ന് തിരഞ്ഞെടുപ്പുകളിലും എന്നെ വിജയിപ്പിച്ചത്. പാര്‍ലമെന്റില്‍ നമ്മുടെ പാര്‍ട്ടിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തിലെപ്പോഴും ഞാന്‍ മുന്‍നിരയിലുണ്ടാവും. സര്‍ക്കാരിനെതിരെയുള്ള നമ്മുടെ വിമര്‍ശനങ്ങള്‍ സത്യസന്ധവും മൂര്‍ച്ചയുള്ളതും ക്രിയാത്മകവും സൃഷ്ടിപരവുമായിരിക്കണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

കെപിസിസി പ്രസിഡന്റിന് ശശി തരൂര്‍ നല്‍കിയ മറുപടിയുടെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റ് പ്രിയപ്പെട്ട മുല്ലപ്പള്ളി ജി,

താങ്കളുടെ മെയിലിന് ഞാന്‍ നന്ദി പറയുന്നു. പ്രധാനമന്ത്രി മോദിയെ ന്യായീകരിക്കാന്‍ ഞാന്‍ ശ്രമിച്ചെന്ന വാര്‍ത്ത താങ്കള്‍ വിശ്വസിച്ചു എന്നത് ഞാന്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഞാന്‍ പറഞ്ഞുവെന്ന് പറയപ്പെടുന്ന മുകളില്‍ സൂചിപ്പിച്ച പ്രസ്താവന എവിടെ നിന്നറിഞ്ഞുവെന്ന് സൂചിപ്പിച്ചാല്‍ ഞാന്‍ ഏറെ നന്ദിയുള്ളവനായിരിക്കും. കാരണം അത്തരത്തില്‍ ഒരു പ്രസ്താവന ഞാന്‍ ഇതേവരെ നടത്തിയിട്ടില്ല.

അതേസമയം ഈയിടെ അവസാനിച്ച, എട്ടാഴ്ച നീണ്ടുനിന്ന പാര്‍ലമെന്റ് സെഷനിലെ ചര്‍ച്ചകള്‍ അങ്ങ് പരിശോധിക്കുകയാണെങ്കില്‍ നമ്മുടെ ഭരണഘടനയുടെ അന്തസ്സിനും കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും വിരുദ്ധമായി മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലുകളെ പ്രതിരോധിക്കാന്‍ ഞാന്‍ നടത്തിയ പഠനഗവേഷണങ്ങളുടെ പത്തിലൊരംശം പോലും നമ്മുടെ സംസ്ഥാനത്തുനിന്നുള്ള മറ്റ് നേതാക്കന്‍മാര്‍ നടത്തിയിട്ടില്ലെന്ന് കാണാന്‍ കഴിയും.

50 തവണയിലധികം ഞാന്‍ പാര്‍ലമെന്റ് ചര്‍ച്ചകളില്‍ ഇടപെട്ടു, 17 ബില്ലുകള്‍ക്കെതിരേ ഉത്തമബോധ്യത്തോടെ ധൈര്യപൂര്‍വം സര്‍ക്കാരിനെതിരേ സംസാരിച്ചു. കേരളത്തില്‍നിന്നുള്ള എന്റെ വിമര്‍ശകര്‍ക്ക് ആര്‍ക്കെങ്കിലും അവര്‍ അപ്രകാരം ചെയ്തുവെന്ന് അവകാശപ്പെടാന്‍ സാധിക്കുമോ? കഴിഞ്ഞ ലോക്‌സഭയില്‍ താങ്കളോടൊപ്പം ഉപവിഷ്ടനായിരുന്ന ഞാന്‍ എടുത്ത നിലപാടുകളെ നോക്കി ഭൂമിയില്‍ ആര്‍ക്കെങ്കിലും അഭിപ്രായങ്ങളില്‍ അസ്ഥിരതയുള്ള വ്യക്തിയാണ് ഞാനെന്ന് വിശ്വാസ്യതയോടെ കുറ്റപ്പെടുത്താനാവുമോ?

ഒന്നുകൂടെ ഞാന്‍ പറഞ്ഞുകൊള്ളട്ടെ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എംപി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുപരിയായി എഴുത്തുകാരനെന്ന വിശ്വസ്തതയില്‍ ഊന്നിനിന്നുകൊണ്ട് ശക്തമായ എന്റെ തൂലിക ഉപയോഗിച്ച് പ്രഥമ മോദി സര്‍ക്കാരിന്റെ ഭരണത്തെ ഖണ്ഡിതമായി വിമര്‍ശിച്ചുകൊണ്ട് ഏറെ സമഗ്രമായി രചിച്ച Paradoxical Prime Minister എന്ന പുസ്തകം വിജയകരമായി ഞാന്‍ പ്രസിദ്ധീകരിച്ചു. ഏതെങ്കിലും തരത്തില്‍ മോദിയെ ന്യായീകരിക്കാന്‍ ആഗ്രഹിക്കുന്ന രചനയല്ല ആ പുസ്തകം. ഇതെല്ലാം താങ്കള്‍ക്ക് നന്നായി അറിയാമെന്നിരിക്കെ എന്തിനാണ് ഈ കാരണം കാണിക്കല്‍ നോട്ടീസ്? എനിക്കും താങ്കള്‍ക്കും നന്നായി അറിയാവുന്ന കോണ്‍ഗ്രസ്സിന്റെ ശക്തരായ നേതാക്കളായ ജയറാം രമേശിന്റെയും അഭിഷേക് സിങ് വിയുടെയും അഭിപ്രായത്തോട് യോജിച്ചുകൊണ്ട് ഞാന്‍ നടത്തിയ ട്വീറ്റിനോട് പരിഭ്രാന്തരായി പ്രതികരിച്ചുള്ള ചില നേതാക്കളുടെ പ്രതികരണമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ആധാരം.

എന്റെ ട്വീറ്റില്‍ ഞാന്‍ പറഞ്ഞത് ഇപ്രകാരമാണ്, നരേന്ദ്രമോദി എപ്പോഴെങ്കിലും നല്ലത് പറയുകയോ ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ ആയതിനെ പ്രശംസിക്കുന്നത് അദ്ദേഹത്തിനെതിരെയുള്ള നമ്മുടെ വിമര്‍ശനങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുമെന്ന് ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പറഞ്ഞിരുന്നു. എന്റെ അഭിപ്രായത്തിന് അനുകൂലമായി പ്രതിപക്ഷത്തുനിന്നുയരുന്ന ചിന്തകളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. നരേന്ദ്രമോദി എപ്പോഴെങ്കിലും നല്ലത് പറയുകയോ ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനെ പ്രശംസിക്കുന്നതെന്ന് പറഞ്ഞത് മോദിയെ അഭിനന്ദിക്കുന്നതല്ലെന്ന് തിരിച്ചറിയണം. കോണ്‍ഗ്രസ്സിനെ ഉപേക്ഷിച്ച് ബിജെപി കൂടാരത്തില്‍ ചേക്കേറിയ നിഷ്പക്ഷ ചിന്താഗതിക്കാരായ വോട്ടര്‍മാരെ കോണ്‍ഗ്രസ് പാളയത്തിലേക്ക് വിജയകരമായി മടക്കിക്കൊണ്ടുവരാന്‍ ഇത്തരത്തിലുള്ള ക്രിയാത്മകവിമര്‍ശനം അത്യന്താപേക്ഷിതമാണെന്നും ജയറാം രമേശും സിങ്‌വിയും ഞാനും വിശ്വസിക്കുന്നു. ഈ സമീപനം കോണ്‍ഗ്രസ് വിമര്‍ശനങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കും. 'ഞങ്ങള്‍ ഇന്ത്യ' എന്ന പരിപ്രേക്ഷ്യത്തില്‍നിന്നാണ് വിഷയങ്ങളെ വീക്ഷിക്കുന്നത്.

                        തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബിജെപി ശക്തമല്ലാത്ത കേരള രാഷ്ട്രീയപരിസരത്ത് നിന്നല്ല. രണ്ടുവട്ടം ബിജെപിയെ നേരിട്ടെതിര്‍ത്ത് പരാജയപ്പെടുത്തിയ വ്യക്തിയെന്ന നിലയില്‍ അവര്‍ക്കെതിരെയുള്ള വിജയകരമായ യുദ്ധതന്ത്രങ്ങളെക്കുറിച്ച് എനിക്ക് ശരിക്കും ബോധ്യമുണ്ട്. പ്രശംസനീയമായ തരത്തിലൊന്നും മോദി ചെയ്തിട്ടില്ലെങ്കിലും 2014 ലെ 31 % പിന്തുണയില്‍നിന്നും 37 % ആയി ബിജെപിയുടെ വോട്ട് വര്‍ധിച്ചത് നാം കാണാതെ പോവരുത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും നമുക്കുള്ള പിന്തുണ 19 % ആയി സ്തംഭനാവസ്ഥയില്‍ നിലനില്‍ക്കുകയാണെന്നത് നമ്മളോര്‍മിക്കണം. എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നതെന്ന് നാം ഗൗരവമായി പരിശോധിക്കണം. ഭൂരിപക്ഷം ജനങ്ങളും മോദി തങ്ങള്‍ക്കായി എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് വിശ്വസിക്കുന്നു. മോദിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി അവയിലെ കാപട്യം നാം തുറന്നുകാട്ടണം.

മോദി ശൗചാലയങ്ങള്‍ നിര്‍മിച്ചു, പക്ഷേ, ജലദൗര്‍ലഭ്യത്താല്‍ അവയില്‍ 60 ശതമാനവും പ്രവര്‍ത്തനരഹിതമാണ്. നിര്‍ധനരായ ഗ്രാമീണവനിതകള്‍ക്ക് മോദി സൗജന്യമായി ഗ്യാസ് കണക്ഷനുകള്‍ നല്‍കി. പക്ഷേ തുടര്‍ന്ന് ഉപയോഗിച്ചുതീര്‍ന്ന ഗ്യാസ് സിലിണ്ടറുകള്‍ നിറയ്ക്കുന്നതിന് പണമില്ലാത്തതിനാല്‍ 92 % പേരും ഗ്യാസ് കണക്ഷന്‍ ഉപേക്ഷിച്ചിരിക്കുന്നു. അപര്യാപ്തമാണെങ്കിലും മോദി പ്രവര്‍ത്തിക്കുന്നതേയില്ല എന്ന വാദം തുടരുമ്പോള്‍ ജനം ബിജെപിക്ക് വോട്ടുചെയ്യുന്നതും തുടരുന്നു. അപ്പോള്‍ ജനങ്ങള്‍ വിഡ്ഢികളാണെന്ന മറുവാദം നാം ഉയര്‍ത്തുന്നത് നമുക്ക് വോട്ടുനേടിത്തരില്ല. ബിജെപിയുടെ പ്രവര്‍ത്തനങ്ങളെല്ലാം അപര്യാപ്തവും വിനാശകരവുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. പുരോഗമന മതേതര സ്വതന്ത്രചിന്താഗതിയുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് അധികാരത്തില്‍ തിരികെയെത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ നാം നടപ്പാക്കുന്ന പരിപാടികളിലൂടെ ദേശവ്യാപകമായി ജനങ്ങളെ കോണ്‍ഗ്രസ്സിലേക്ക് ആകര്‍ഷിക്കുന്നതിന് കഴിയുന്നില്ല.

അവസാന രണ്ട് തിരഞ്ഞെടുപ്പിലും നമ്മളെ ഉപേക്ഷിച്ച് ബിജെപിയിലേക്ക് കുടിയേറിയ വോട്ടര്‍മാരില്‍ നമ്മുടെ വിശ്വാസ്യത വര്‍ധിപ്പിച്ച് അവരെ കോണ്‍ഗ്രസ്സിലേക്ക് മടക്കിക്കൊണ്ടുവരണം. മോഡിയിലേക്ക് വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതെന്താണെന്ന് മനസ്സില്ലാക്കി അതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ നാം മെനയണം. അപ്പോള്‍ നമ്മുടെ വിമര്‍ശനങ്ങള്‍ക്ക് വിശ്വാസ്യത കൈവരും. ഇതാണ് ഞാനെപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സിനെ ജീവനോളം സ്‌നേഹിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദി കോണ്‍ഗ്രസ് നേതാക്കളെ പൈശാചികമായി വിമര്‍ശിക്കുമ്പോള്‍ എന്തുകൊണ്ട് മോദിയെ പൈശാചികമായി വിമര്‍ശിക്കരുതെന്ന് (Dont demonise Modi) ഞാന്‍ ആവശ്യപ്പെടുന്നതെന്ന് എന്നോട് ചോദിച്ചു.

അതിന് എനിക്കൊരു മറുപടിയേ ഉള്ളൂ, അതെന്റെ പ്രയോഗമല്ല, ആരാണോ അതുപയോഗിച്ചതെന്ന് കണ്ടെത്തി അവരോട് തന്നെ ചോദിക്കണം. പക്ഷെ, ഒരുകാര്യം വ്യക്തമാണ്, ഞാന്‍ മോദിയെ ക്രൂരമായി ആക്രമിക്കുന്നുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഉറച്ചുവിശ്വസിക്കുന്നു. അതു കൊണ്ടാണ് അവര്‍ മോദിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയ എനിക്കെതിരേ രണ്ട് ക്രിമിനല്‍ കേസുകള്‍ ഫയല്‍ചെയ്തത്, അതിലൊന്നില്‍ ഞാന്‍ അറസ്റ്റ് വാറണ്ട് നേരിടുന്നുണ്ട്.

തെറ്റായ ധാരണകളുടെ അടിസ്ഥാനത്തില്‍ എന്നെ വിമര്‍ശിക്കുന്നതിന് പകരം മോദിയെ സധൈര്യം നേരിടുന്നതിന് എന്റെ വിമര്‍ശകര്‍ എന്നെ അഭിനന്ദിക്കുകയാണ് വേണ്ടത്. പാര്‍ട്ടി വേദിയില്‍ അഭിപ്രായപ്രകടനം നടത്തിയില്ല എന്ന താങ്കളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു. പക്ഷെ, ജയറാം രമേശും സിങ്‌വിയും അവരുടെ അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചപ്പോള്‍, നവമാധ്യമമായ ട്വിറ്ററിലൂടെ എന്റെ അഭിപ്രായം പ്രകടിപ്പിക്കുകയാണ് ഞാന്‍ ചെയ്തത്. സമയബന്ധിതമായി പ്രതികരിക്കുകയെന്ന എന്റെ ശൈലിയുടെ അടിസ്ഥാനത്തിലാണ് ഞാന്‍ അപ്രകാരം ചെയ്തത്. പ്രത്യേകിച്ചൊരു പാര്‍ട്ടി വേദിയിലും ഞാന്‍ അംഗമല്ലെന്നിരിക്കെ ബഹുജനമധ്യത്തില്‍ ചര്‍ച്ചയാവുന്ന പ്രശ്‌നങ്ങള്‍ അവിടെ തീര്‍പ്പാക്കുന്നതാണ് ഉചിതമെന്ന് ഞാന്‍ കരുതുന്നു.

ദേശവ്യാപകമായി ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഭാരവാഹികളും അസംബന്ധമായ ഈ വിവാദങ്ങള്‍ക്കിടയിലും എനിക്കൊപ്പം നില്‍ക്കുന്നതിന് കാരണം എന്റെ ഉദ്ദേശങ്ങള്‍ പരിശുദ്ധമാണെന്ന് അവര്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ്. കോണ്‍ഗ്രസ്സിന്റെ ഉയര്‍ച്ചയ്ക്കായാണ് ഞാന്‍ ആത്മാര്‍ഥമായി സംസാരിക്കുന്നതെന്നവര്‍ ഉറച്ചുവിശ്വസിക്കുന്നു. എന്നെ തെറ്റായി വ്യാഖ്യാനിക്കാനും അപഹസിച്ച് തരംതാഴ്ത്താനും ശ്രമിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങളെ കോണ്‍ഗ്രസ്സിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന പ്രവര്‍ത്തകര്‍ തിരിച്ചറിയുന്നു. പാര്‍ലമെന്റിനകത്തും പുറത്തും ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയെ തകര്‍ക്കാന്‍ നിരന്തരമായി ശ്രമിക്കുന്ന ബിജെപിയുടെ ആക്രമണരാഷ്ട്രീയത്തെ പ്രതിരോധിച്ചുകൊണ്ട് കോണ്‍ഗ്രസ്സിന്റെ പുരോഗമനാത്മക മതേതരമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് തുടരുന്ന എന്റെ രാഷ്ട്രീയപ്രവര്‍ത്തന ശൈലിയില്‍ ഞാന്‍ അഭിമാനിക്കുന്നു.

ഞാന്‍ ഇതുവരെ പുകഴ്ത്തിയിട്ടില്ലാത്ത ഒരു വ്യക്തിയെ പുകഴ്ത്തിയതായി ആരോപിച്ച് എന്റെ പാര്‍ട്ടിയിലുള്ളവരുടെ തന്നെ തെറ്റിദ്ധാരണയെ അടിസ്ഥാനപ്പെടുത്തിയാണ് എന്നോട് വിശദീകരണം ചോദിക്കുന്നത്. എന്റെ വിമര്‍ശകരോട് എനിക്ക് പറയാനുള്ളത്, വര്‍ത്തമാനകാല ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനെ വിജയിക്കുന്ന പാര്‍ട്ടിയാക്കി മാറ്റുന്ന തരത്തില്‍ നമ്മുടെ തന്ത്രങ്ങള്‍ പുനരാവിഷ്‌കരിക്കണം. സര്‍ക്കാരിനെതിരെയുള്ള നമ്മുടെ വിമര്‍ശനങ്ങള്‍ സത്യസന്ധവും മൂര്‍ച്ചയുള്ളതും ക്രിയാത്മകവും സൃഷ്ടിപരവുമായിരിക്കണം. നമ്മുടെ സൃഷ്ടിപരമായ വിമര്‍ശനങ്ങളെ ജനങ്ങള്‍ ഗൗരവമായി വിശ്വാസത്തിലെടുക്കണം.

കാരണം നമുക്ക് ചുറ്റും നടക്കുന്നതെല്ലാം ജനങ്ങളും അനുഭവിക്കുന്നതാണ്്. നമ്മള്‍ രാജ്യതാല്‍പര്യത്തിനനുസരിച്ച് നിലകൊള്ളുന്നവരാണെന്നും ബിജെപി സംരക്ഷിക്കുന്നതിനേക്കാള്‍ മികച്ചരീതിയില്‍ അവ സംരക്ഷിക്കുന്നതിന് നമുക്കാവുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം. നമ്മുടേതിനനുസൃതമായി തീരുമാനങ്ങള്‍ ഭരണത്തിലവര്‍ കൈക്കൊള്ളുമ്പോള്‍ അവയോട് യോജിക്കാനും രാഷ്ട്രതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനങ്ങളില്‍ ശക്തമായി പ്രതിഷേധിക്കാനും മോദി തിരഞ്ഞെടുത്ത പദ്ധതികളിലെ നടത്തിപ്പില്‍വരുന്ന അപാകതകള്‍ ചൂണ്ടിക്കാട്ടുന്നതിനും നമുക്കാവണം. ഇത്തരത്തിലാവണമൊരു ക്രിയാത്മക പ്രതിപക്ഷം പ്രവര്‍ത്തിക്കേണ്ടത്, പ്രത്യേകിച്ച് കോണ്‍ഗ്രസ്. ഞാന്‍ മോദി സര്‍ക്കാരിന്റെ ശക്തനായ വിമര്‍ശകനാണ്.

എന്റെ വിമര്‍ശനങ്ങള്‍ സൃഷ്ടിപരമാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള എന്റെ സദൃഢമായ പ്രതിരോധമാണ് മൂന്ന് തിരഞ്ഞെടുപ്പുകളിലും എന്നെ വിജയിപ്പിച്ചത്. പാര്‍ലമെന്റില്‍ നമ്മുടെ പാര്‍ട്ടിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തിലെപ്പോഴും ഞാന്‍ മുന്‍ നിരയിലുണ്ടാവും. കേരളത്തിലെ എന്റെ സഹയാത്രികരോട് എനിക്ക് പറയാനുള്ളത് എന്റെ സമീപനങ്ങളോട് വിയോജിക്കുമ്പോഴും പരസ്പരബഹുമാനം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുക.

ശശി തരൂര്‍  

Tags:    

Similar News