ലക്ഷ്യം എത്തിപ്പിടിക്കാനാവാത്ത ജീവനക്കാര്‍ക്ക് പ്രാകൃത ശിക്ഷയുമായി ചൈനീസ് കമ്പനി; വീഡിയോ ദൃശ്യങ്ങള്‍ വൈറലായി

വാര്‍ഷിക ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ പരാജയപ്പെട്ട തങ്ങളുടെ ജീവനക്കാരെ നിര്‍ബന്ധിച്ച് തെരുവിലൂടെ നാലുകാലില്‍ നടത്തിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

Update: 2019-01-19 13:59 GMT

ബെയ്ജിങ്: ജീവനക്കാരെ പ്രാകൃത രീതിയില്‍ ശിക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ ചൈനീസ് കമ്പനിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുന്നു. വാര്‍ഷിക ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ പരാജയപ്പെട്ട തങ്ങളുടെ ജീവനക്കാരെ നിര്‍ബന്ധിച്ച് തെരുവിലൂടെ നാലുകാലില്‍ നടത്തിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ കനത്ത പ്രതിഷേധത്തിനിടയാക്കിയത്.വാര്‍ഷിക ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ പരാജയപ്പെട്ട ജീവനക്കാരെയാണ് ശിക്ഷാനടപടിയായി കമ്പനി തെരുവിലൂടെ നടത്തിച്ചത്. പ്രാകൃതമായ ഈ ശിക്ഷാ നടപടികളുടെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് കമ്പനിക്കെതിരേ ശക്തമായ പ്രതിഷേധമുയരുന്നത്.

ചൈനീസ് സൗന്ദര്യ വര്‍ധക കമ്പനി തങ്ങളുടെ ജീവനക്കാരെ തെങ്‌ഷോ നഗരവീഥിയിലൂടെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കമ്പനിയുടെ കൊടിയും പിടിച്ച് സൂപ്പര്‍ വൈസര്‍ മുന്നില്‍ നടന്നു നീങ്ങുന്നതും വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പിന്നാലെ നിരനിരയായി നാലു കാലില്‍ നടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതേകമ്പനിയിലെ ജീവനക്കാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്തത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് ശിക്ഷാ നടപടി നിര്‍ത്തിവയ്പ്പിക്കുകയും കമ്പനി അധികൃതര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. സംഭവത്തില്‍ കനത്ത പ്രതിഷേധമുയര്‍ന്നതോടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കമ്പനിക്ക് പ്രാദേശിക ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: