കാംപസുകളില്‍നിന്ന് 60,000 വനിതകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഐടി കമ്പനികള്‍; സ്ത്രീ- പുരുഷാനുപാതം ഉയര്‍ത്തും

ഈ വര്‍ഷം എച്ച്‌സിഎല്ലിലെ കാംപസ് റിക്രൂട്ട്‌മെന്റ് വഴി നിയമിക്കുന്ന പുതിയ ജീവനക്കാരില്‍ 60 ശതമാനം സ്ത്രീകളായിരിക്കുമെന്നാണ് അനുമാനം. വിപ്രോയും ഇന്‍ഫോസിസും സമാന പാതയിലാണ്.

Update: 2021-08-04 15:34 GMT

ന്യൂഡല്‍ഹി: വിവര സാങ്കേതിക (ഐടി)രംഗത്ത് വൈവിധ്യവല്‍ക്കരണത്തിനൊരുങ്ങി രാജ്യത്തെ പ്രമുഖ കമ്പനികള്‍. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക് എന്നീ കമ്പനികളാണ് ജീവനക്കാരിലെ സ്ത്രീ പുരുഷാനുപാതം ഉയര്‍ത്തുന്നതിനായി രാജ്യത്തെ കാംപസുകളില്‍നിന്ന് 60,000 വനിതകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നത്. ലിംഗാനുപാതം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഈ വര്‍ഷം എച്ച്‌സിഎല്ലിലെ കാംപസ് റിക്രൂട്ട്‌മെന്റ് വഴി നിയമിക്കുന്ന പുതിയ ജീവനക്കാരില്‍ 60 ശതമാനം സ്ത്രീകളായിരിക്കുമെന്നാണ് അനുമാനം. വിപ്രോയും ഇന്‍ഫോസിസും സമാന പാതയിലാണ്.

അതേ സമയം ടിസിഎസില്‍ ഇത് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലേതുപോലെ 38-45% ആയിരിക്കുമെന്നും കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം രാജ്യത്തെ കാംപസുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന 22,000 ഉദ്യോഗാര്‍ഥികളെ നിയമിക്കാനാണ് എച്ച്‌സിഎല്‍ പദ്ധതിയിട്ടിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ തങ്ങളുടെ കമ്പനിയിലെ ലിംഗാനുപാതം 50:50 എന്ന തോതിലേക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ ഐടി മേഖല എപ്പോഴും വൈവിധ്യം ഉറപ്പാക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഇന്‍ഡസ്ട്രിയല്‍ ബോഡിയായ നാസ്‌കോമിന്റെ അഭിപ്രായത്തില്‍, ഇന്ത്യയിലെ സാങ്കേതിക വ്യവസായ രംഗത്തെ ലിംഗാനുപാതം നിലവില്‍ 33 ശതമാനം ആണ്. തങ്ങളുടെ ശരാശരി സ്ത്രീ പുരുഷാനുപാതം തുല്യമാണെന്നാണ് ഇന്‍ഫോസിസ് എച്ച്ആര്‍ മേധാവി റിച്ചാര്‍ഡ് ലോബോ ഇതിനോട് പ്രതികരിച്ചത്. എന്നിരുന്നാലും മെറിറ്റ് അടിസ്ഥാനത്തിലാണ് കമ്പനി ഓരോ വര്‍ഷവും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതെന്നും റിച്ചാര്‍ഡ് കൂട്ടിച്ചേര്‍ത്തു. റിച്ചാര്‍ഡിനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

2030 ആകുമ്പോഴേക്കും ഇന്‍ഫോസിസ് മൊത്തം തൊഴിലാളികളില്‍ 45ശതമാനം സ്ത്രീ തൊഴിലാളികളെ ഉള്‍പ്പെടുത്താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 2022 സാമ്പത്തിക വര്‍ഷത്തില്‍ 35,000 പേരെ കാംപസ് റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നതായും ഇന്‍ഫോസിസ് വ്യക്തമാക്കി. ജൂണ്‍ പാദത്തില്‍ 8,304 ജീവനക്കാരെ കൂടി നിയമിച്ചതോടെ ഇന്‍ഫോസിസ് ജീവനക്കാരുടെ എണ്ണം 2,67,953 ആയി ഉയര്‍ന്നിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ പാദത്തിലെ 10.9% നെ അപേക്ഷിച്ച് ഈ പാദത്തില്‍ സ്ത്രീകളുടെ എണ്ണത്തില്‍ കമ്പനി 13.9% കുറവ് രേഖപ്പെടുത്തിയെങ്കിലും. ഇപ്പോള്‍ ഇന്‍ഫോസിസിലെ മൊത്തം തൊഴിലാളികളുടെ 38.6% സ്ത്രീകളാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് 15,000 മുതല്‍ 18,000 വരെ സ്ത്രീകളെയും നിയമിക്കും. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ കാംപസുകളില്‍ നിന്ന് 40,000ലധികം ഉദ്യോഗാര്‍ത്ഥികളെ ടിസിഎസ് നിയമിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ടിസിഎസിന് നിലവില്‍ 185,000 വനിതാ അസോസിയേറ്റുകളാണുള്ളത്. ഇത് വരുന്ന വര്‍ഷങ്ങളില്‍ ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2022 സാമ്പത്തിക വര്‍ഷത്തില്‍ വിപ്രോ 12,000 പുതിയ ഉദ്യോഗാര്‍ഥികളെയും നിയമിക്കുമെന്നാണ് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിപ്രോ വ്യക്തമാക്കിയത്.

Tags:    

Similar News