കടുവയെ മയക്കുവെടി വച്ച് പിടിച്ചു; ഭീതിയൊഴിഞ്ഞ് കല്ലിയോട് പ്രദേശം

Update: 2022-03-10 18:31 GMT

കല്‍പ്പറ്റ: കല്ലിയോട് ജനവാസമേഖലയിലിറങ്ങി ഭീതി പരത്തിയ പരിക്കേറ്റ കടുവയെ മയക്കുവെടിവച്ച് പിടികൂടി. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ കല്ലിയോട് പ്രദേശത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവയെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മയക്കുവെടിവച്ച് പിടികൂടിയത്. വെടിയേറ്റ് മയങ്ങിയ കടുവയെ അമ്പുകുത്തിയിലെ വനംവകുപ്പിന്റെ കീഴിലുള്ള കെട്ടിടത്തിലെത്തിച്ച് പരിശോധിച്ച് ചികില്‍സ നല്‍കി.

നാലുവയസ് പ്രായമുള്ള ആണ്‍ കടുവ കൈയ്ക്ക് ഗുരുതര പരിക്കേറ്റ് അവശനിലയിലായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതിനാണ് കല്ലിയോട് തേയില തോട്ടത്തില്‍ അവശനിലയില്‍ കിടക്കുന്ന കടുവയെ നാട്ടുകാര്‍ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വൈകുന്നേരം നാലോടെ പടക്കം പൊട്ടിച്ച് കടുവയെ തുരാത്താനുളള ശ്രമം നടത്തുകയും ചെയ്‌തെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇതെത്തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയും ഡിഎഫ്ഒ അടക്കമുള്ള വനപാലകരെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കടുവയെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവിട്ടത്. കടുവയെ പിടികൂടിയതോടെ ഒരുദിവസം നീണ്ടുനിന്ന ഭീതിക്ക് വിരാമമായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍.

നോര്‍ത്ത് വയനാട്, സൗത്ത് വയനാട്, വൈല്‍ഡ് ലൈഫ് ഡിഎഫ്ഒമാരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് പരിക്കേറ്റതെന്നും പരിക്കിന് മൂന്നാഴ്ചയെങ്കിലും പഴക്കമുണ്ടെന്നും വനം വകുപ്പ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ പറഞ്ഞു. കടുവയെ സുല്‍ത്താന്‍ ബത്തേരി പച്ചാടിയിലെ ആനിമല്‍ ഹോസ്‌പെയ്‌സ് സെന്റര്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂനിറ്റിലേക്ക് മാറ്റി.

Tags:    

Similar News