മുട്ടില്‍ മരം കൊള്ള കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

Update: 2021-08-03 08:30 GMT

സുല്‍ത്താന്‍ ബത്തേരി: മുട്ടില്‍ മരം കൊള്ള കേസിലെ പ്രതികളെ നാലുദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ക്രൈംബ്രാഞ്ച് സംഘം അഞ്ചുദിവസത്തെ കസ്റ്റഡി ചോദിച്ചെങ്കിലും നാലുദിവസം അനുവദിക്കുകയായിരുന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും.

വിവാദ ഉത്തരവിന്റെ മറവില്‍ മരം കൊള്ള നടന്ന പ്രദേശങ്ങളില്‍ പ്രതികളെ അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോവും. ക്രൈംബ്രാഞ്ച് നടപടികള്‍ക്ക് ശേഷം വനം വകുപ്പും പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. കഴിഞ്ഞദിവസമാണ് മുട്ടില്‍ മരം കൊള്ള കേസിലെ പ്രതികളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതികളും നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. 43 ഓളം കേസുകളാണ് പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

Tags:    

Similar News