കാംപസുകളില്‍ ഇസ്‌ലാമോഫോബിയക്കെതിരേ രാഷ്ട്രീയ മുന്നേറ്റമുണ്ടാവണം: എസ്‌ഐഒ

Update: 2021-10-11 13:18 GMT

തൃശൂര്‍: കാംപസുകളില്‍ മുസ്‌ലിംകള്‍ തീവ്രവാദചിന്തയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന സിപിഎമ്മിന്റെ പ്രചാരണവും 'മാര്‍ക്ക് ജിഹാദ്' അടക്കമുള്ള സംഘപരിവാര്‍ പ്രചരണവും മുസ്‌ലിം വിരുദ്ധ വംശീയതയും ഇസ്‌ലാമോഫോബിയയുമാണെന്നും കാംപസുകളില്‍ ഇസ്‌ലാമോഫോബിയക്കെതിരേ രാഷ്ട്രീയമുന്നേറ്റമുണ്ടാവണമെന്നും എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് ഇ എം അംജദ് അലി. പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന സംസ്ഥാന കാംപസ് നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ഉയര്‍ത്തിയ മാര്‍ക്ക് ജിഹാദ് ആരോപണത്തെ ഓടിനടന്ന് വിമര്‍ശിക്കുന്ന എസ്എഫ്‌ഐ, ഈ സമയം വരെ കേരളത്തിലെ കാംപസുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന സിപിഎം ആരോപണം തള്ളിപ്പറഞ്ഞിട്ടില്ലെന്ന് എസ്‌ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍ പറഞ്ഞു. സംസ്ഥാന കാംപസ് നേതൃസംഗമത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇസ്‌ലാമോഫോബിയയുടെ നാവായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറുകയും അതേ സമയം കേരളത്തെ ലക്ഷ്യംവച്ച് ഇതര സംസ്ഥാനത്തുനിന്ന് വരുന്ന വര്‍ഗീയപ്രചാരണങ്ങളെ ഞങ്ങളാണ് പ്രതിരോധിക്കുന്നതെന്ന ഫാഷിസ്റ്റ് വിരുദ്ധ ചാംപ്യന്‍മാര്‍ ചമയുന്ന തിരക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാ അംഗം പി ഐ നൗഷാദ് കാംപസ് നേതൃസംഗമം ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളില്‍ ഐഇസിഐ സിഇഒ ഡോ: ബദീ ഉസ്മാന്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി സുഹൈബ്, സെക്രട്ടറി ഷിയാസ് പെരുമാതുറ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുജീബ് റഹ്മാന്‍, എസ്‌ഐഒ സംസ്ഥാന സെക്രട്ടറി കെ പി തശ്‌രീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News