പരിശോധന കിറ്റോ പരിശോധനയോ ഇല്ല; മാളയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു

പ്രസിഡന്റും സ്റ്റാന്റിങ് കമ്മിറ്റിയും തമ്മില്‍ ചേരിപ്പോര്

Update: 2021-05-09 13:11 GMT

മാള:രോഗികളെ പരിശോധിക്കാന്‍ കിറ്റുമില്ല, പരിശോധനയുമില്ലാത്തതിനാല്‍ മാള ഗ്രാമപ്പഞ്ചായത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. പ്രസിഡന്റും സ്റ്റാന്റിങ് കമ്മിറ്റിയും തമ്മില്‍ ചേരിപ്പോര്. പ്രതികരിക്കാന്‍ കഴിയാതെ പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് ഒളിവില്‍.

ഇതോടെ മാള ഗ്രാമപ്പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമോയെന്ന് ആശങ്ക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഗ്രാമപ്പഞ്ചായത്ത് വനിതാ സാരഥികള്‍ തമ്മില്‍ വാട്‌സാപ്പ് ഗ്രൂപ്പിനകത്ത് അതിരൂക്ഷമായ ചേരിപ്പോര് നടക്കുന്നതിനാലാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാന്‍ കാരണം. ഭരണനേതൃത്വത്തിലുള്ളവര്‍ തമ്മില്‍ അതിരൂക്ഷമായ ചേരിപ്പോരായതോടെ പല ഗ്രാമപ്പഞ്ചായത്തംഗങ്ങളും ചേര്‍ന്ന് മറ്റൊരു ഗ്രൂപ്പുണ്ടാക്കിയെന്നാണ് ആക്ഷേപം. വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനാരാകണമെന്നതും ആരോഗ്യകര്‍മ്മ സേനാ അംഗങ്ങളെ നിശ്ചയിച്ചതും വാഹനം വിട്ടു നല്‍കുന്നതും അടക്കമുള്ള വിവിധ വിഷയങ്ങളിലുള്ള വിയോജിപ്പുകളും തര്‍ക്കങ്ങളുമാണ് മാസങ്ങളായി നടക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ട് തുടങ്ങിയപ്പോളാരംഭിച്ചതാണീ പ്രശ്‌നങ്ങള്‍. കോവിഡ് പോസിറ്റീവായവരെ താമസിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയതും അതിനെല്ലാം നേതൃത്വം നല്‍കിയതുമടക്കമുള്ള അതിരൂക്ഷമായ തര്‍ക്കങ്ങളാണ് നിലവിലുള്ളത്. സി പി എംസി പി ഐ പ്രതിനിധികള്‍ ഇത്തരത്തില്‍ തര്‍ക്കങ്ങളിലേര്‍പ്പെട്ടിരിക്കുന്നത് ഇരു പാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ക്ക് തലവേദനയായിട്ടുണ്ട്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലെങ്കിലും ഈ നാരീപ്പോര് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കൂട്ടായ പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കുമെന്ന ആശങ്ക പങ്ക് വെക്കപ്പെടുകയാണ്. അര്‍ഹതയില്ലാത്ത സ്ഥാനം കിട്ടിയതും അര്‍ഹമായ പരിഗണന കിട്ടാത്തതും അധികാര തര്‍ക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നാണ് സംശയിക്കുന്നത്. ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനോ ഭരണസമിതിയോ അറിയാതെയാണ് ബാങ്ക് അക്കൗണ്ട് തുടങ്ങിയതെന്നാണ് ആക്ഷേപം. ഗ്രാമപഞ്ചായത്ത് വാഹനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടു നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ തന്നെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളോടെ പരസ്യമായി അങ്കം വെട്ടുന്നത് ആരോഗ്യകര്‍മ്മ സേനാംഗങ്ങളില്‍ നിരാശ പടര്‍ത്തുന്നുണ്ട്. ഈ തര്‍ക്കങ്ങള്‍ പരിധി വിട്ടപ്പോഴാണ് മറ്റൊരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയതെന്നാണ് ആക്ഷേപം.

പൊതുവായൊരാവശ്യത്തിന് ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തിക്കുന്നതും ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതും പരസ്പരം ശത്രുതയോടെ പ്രവര്‍ത്തിക്കുന്നതും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുമെന്നും തെറ്റായ സന്ദേശം ജനങ്ങളില്‍ എത്തുമെന്നുമാണ് ആശങ്ക. ഇരുപാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ വിഷയത്തില്‍ ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കോവിഡ് നിയന്തണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ യോഗം വിളിച്ചു ചേര്‍ക്കാനും എല്‍ ഡി എഫിനാകുന്നില്ല. എന്നിരിക്കിലും ഈ വിഷയങ്ങളെല്ലാം ഇരുപാര്‍ട്ടികളുടെയും നേതൃത്വങ്ങളിലെത്തിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായി മാള ഗ്രാമപഞ്ചായത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടായിട്ടും ആ നേട്ടങ്ങളില്‍ സന്തോഷിക്കാന്‍ എല്‍ ഡി എഫിനാകുന്നില്ല. പെണ്‍പോരില്‍ കുരുങ്ങി ഭരണനേട്ടങ്ങളുടേയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടേയും ശോഭ കെടുത്തുമെന്നാണ് നേതാക്കളിലുള്ള ആശങ്ക. ആര്‍ക്കോക്കെ എന്തൊക്കെ അധികാരങ്ങളും പരിമിതികളുമുണ്ടെന്ന അറിവില്ലായ്മ പോരിനിറങ്ങിയ സാരധികള്‍ക്കുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട അറിയിപ്പുകളും നിര്‍ദ്ധേശങ്ങളും സ്ഥിരം സമിതി അദ്ധ്യക്ഷയെ അറിയിക്കേണ്ടതുണ്ടോ ഇല്ലയോ എന്നുള്ളതും ഗ്രൂപ്പിലെ പോരുകള്‍ക്ക് വിഷയമായിട്ടുണ്ട്. പരിമിതമായ അറിവും അറിവില്ലായ്മയും ഗ്രൂപ്പിലെ പോരിന് കാണണമെന്നാണ് ആക്ഷേപം. പാര്‍ട്ടി നയങ്ങളുടെയും ആലോചനകളുടെയും പേരിലല്ലാതെ രണ്ട് ചേരികളായി തിരിഞ്ഞ് പോരടിക്കുമ്പോള്‍ ആരാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയെന്നാണ് ആരോഗ്യകര്‍മ്മ സമിതിയുടെ ആശങ്ക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കിയ മുന്‍ എല്‍ ഡി എഫ് ഭരണസമിതിയുടെ നേട്ടങ്ങളെ പിന്നോട്ടടിപ്പിക്കാനുള്ള ഇപ്പോഴത്തെ ഭരണസമിതിയംഗങ്ങളുടെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്.

Tags:    

Similar News