ഗുണ്ടാ ആക്രമണം; മൂന്ന് പ്രതികള്‍ പിടിയില്‍

വലിയപറമ്പില്‍ ബ്ലോക്ക് ഓഫിസിന് സമീപം റോഡില്‍ വെച്ച് അരിയംവേലില്‍ വീട്ടില്‍ സഹജന്‍ (59) എന്നയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ കുരുവിലശ്ശേരി സ്വദേശി വടാശ്ശേരി വീട്ടില്‍ പ്രമോദ് (29), വലിയപറമ്പ് സ്വദേശികളായ പള്ളിയില്‍ വീട്ടില്‍ കൃഷ്ണദേവ് (21), താണിശ്ശേരി വീട്ടില്‍ രാജീവ് (42) എന്നിവരെ മാള എസ്എച്ച്ഒ സജിന്‍ ശശി അറസ്റ്റ് ചെയ്തു.

Update: 2022-08-30 14:10 GMT

മാള: വലിയപറമ്പില്‍ ബ്ലോക്ക് ഓഫിസിന് സമീപം റോഡില്‍ വെച്ച് അരിയംവേലില്‍ വീട്ടില്‍ സഹജന്‍ (59) എന്നയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ കുരുവിലശ്ശേരി സ്വദേശി വടാശ്ശേരി വീട്ടില്‍ പ്രമോദ് (29), വലിയപറമ്പ് സ്വദേശികളായ പള്ളിയില്‍ വീട്ടില്‍ കൃഷ്ണദേവ് (21), താണിശ്ശേരി വീട്ടില്‍ രാജീവ് (42) എന്നിവരെ മാള എസ്എച്ച്ഒ സജിന്‍ ശശി അറസ്റ്റ് ചെയ്തു.

വധശ്രമമടക്കം 25 ഓളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളും മാള സ്‌റ്റേഷന്‍ റൗഡിയും കാപ്പ നിയമം പ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ ആളുമാണ് പ്രമോദ്. ലഹരി ഉപയോഗിച്ച് ഗുണ്ടകള്‍ പരസ്പരം വഴക്കുകൂടുന്ന സമയം ഇവരുടെ സമീപത്തുകൂടി പോയപ്പോള്‍ പ്രതികള്‍ അനാവശ്യമായി സഹജനെ മര്‍ദ്ദിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പോലിസിനോട് പറഞ്ഞു.

മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹജന്‍ സമീപത്തുള്ള കളള് ഷാപ്പിലേക്ക് ഓടിക്കയറിയപ്പോള്‍ പ്രതികളും ഷാപ്പില്‍ കയറി അവിടെ ഉണ്ടായിരുന്ന കളള് കുപ്പി കൊണ്ട് സഹജന്റെ തലക്ക് അടിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം സഹജനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തിരിക്കയാണ്.

പ്രതികള്‍ക്കെതിരേ വധശ്രമത്തിനാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റിലായ പ്രതികളെ ഇന്ന് ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എസ്എച്ച്ഒ അറിയിച്ചു. പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്‌ഐ രമ്യ കാര്‍ത്തികേയന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മുരുകേഷ് കടവത്ത്, എഎസ്‌ഐ റോജു എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News