മാരായമുട്ടം സ്‌റ്റേഷനിലെ അപര്യാപ്തതകള്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2021-07-11 12:46 GMT

നെയ്യാറ്റിന്‍കര: മാരായമുട്ടം പോലിസ് സ്‌റ്റേഷനിലെ അപര്യാപ്തതകള്‍ പരിശോധിച്ച് റിപോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന പോലിസ് മേധാവിക്ക് ഉത്തരവ് നല്‍കി. ഓഗസ്റ്റ് ഏഴിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.

2014ലാണ് മാരായമുട്ടം പോലിസ് സ്‌റ്റേഷന്‍ നിലവില്‍ വന്നത്. ഇപ്പോഴും വാടക കെട്ടിടത്തിലാണ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. കൊല്ലയില്‍, കുന്നത്തുകാല്‍, പെരുങ്കടവിള, നെയ്യാറ്റിന്‍കര മുന്‍സിപാലിറ്റി തുടങ്ങിയ പ്രദേശങ്ങള്‍ മാരായമുട്ടം സ്‌റ്റേഷന് കീഴിലാണ്. ചെറിയ മുറികളാണ് കെട്ടിടത്തിലുള്ളത്. അടുക്കളമുറിയിലാണ് സി.ഐയുടെ ഓഫിസ്. പോലിസുകാര്‍ക്ക് വിശ്രമിക്കാന്‍ പോലിസ് തന്നെ നിര്‍മിച്ച ഷെഡാണ് ആശ്രയം. പരാതിക്കാര്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ല. മഴ പെയ്താല്‍ പരാതിക്കാര്‍ അടുത്ത വീട്ടില്‍ ഇടം നേടണം. പരാതിക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ല.

തൊണ്ടി മുതലായ വാഹനങ്ങള്‍ സൂക്ഷിക്കുന്നത് റോഡിലാണ്. ഇത് കാല്‍ നടയാത്രകാര്‍ക്ക് തടസ്സമാകുന്നുണ്ട്. മോഷണത്തിനും സാധ്യതയുണ്ട്. സ്‌റ്റേഷന്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ ഉത്തരവ് നല്‍കണമെന്ന് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയ അഡ്വ. വടകര ഗിരീഷ് കുമാര്‍ പറഞ്ഞു. സബ് ഇന്‍സ്‌പെക്ടറുടെ സേവനം പുന:സ്ഥാപിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News