അധികനേരം കാത്തിരിക്കേണ്ട; ഇനി 14 മിനിറ്റിനുള്ളില്‍ ഹൃദയാഘാതം കണ്ടെത്താം

സാധാരണ ഹൃദയാഘാതം കണ്ടുപിടിക്കാനുള്ള പരിശോധനയില്‍ നാലു മണിക്കൂര്‍ കാത്തിരുന്നാലെ ഫലം ലഭിക്കൂ. കോബാസ് എച്ച് 232 എ പുതിയ ഉപകരണം എത്തിയതോടെ 14 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കും.

Update: 2019-02-05 15:29 GMT
ഹൃദയാഘാതം കുറഞ്ഞ സമയത്തിനുള്ളില്‍ കണ്ടെത്താനുള്ള കോബാസ് എച്ച് 232 എന്ന ഉപകരണം

തിരുവനന്തപുരം: ഹൃദയാഘാതം രക്തപരിശോധനയിലൂടെ എത്രയും വേഗം കണ്ടുപിടിക്കാനുള്ള ഉപകരണം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തി. ആശുപത്രി വികസന സമിതിയുടെ ലാബില്‍ ഇനിമുതല്‍ ഈ ഉപകരണം വഴി അതിവേഗം രോഗം കണ്ടുപിടിക്കാം. 14 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കും. സാധാരണ ഹൃദയാഘാതം കണ്ടുപിടിക്കാനുള്ള പരിശോധനയില്‍ നാലു മണിക്കൂര്‍ കാത്തിരുന്നാലെ ഫലം ലഭിക്കൂ. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് സമയനഷ്ടമില്ലാതെ ഇനിമുതല്‍ രോഗം കണ്ടുപിടിച്ച് ചികില്‍സ നല്‍കാനാവും.

ഏറ്റവും ആധുനികമായ പോയിന്റ് ഓഫ് കെയര്‍ ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വന്‍കിട ആശുപത്രികളില്‍ മാത്രമേ നിലവില്‍ ഈ ഉപകരണം ഉപയോഗിക്കുന്നുള്ളൂ. ദിവസേന നൂറുകണക്കിന് രോഗികളെത്തുന്ന മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ക്ക് കുറേക്കൂടി വേഗത്തില്‍ ചികില്‍സ ലഭ്യമാക്കാന്‍ കോബാസ് എച്ച് 232 എ പുതിയ ഉപകരണം എത്തിയതോടെ കഴിയും. രോഗികളുടെ ബാഹുല്യം കാരണം കൃത്യമായ സമയത്ത് പരിശോധനകള്‍ പൂര്‍ത്തിയാക്കി ചികില്‍സ ലഭ്യമാക്കാന്‍ പ്രയാസപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് ഈ ഉപകരണം ഏറെ സഹായകരമാവും.

Tags:    

Similar News