സ്വകാര്യ ആശുപത്രികളുടെ തീവെട്ടിക്കൊള്ളക്കെതിരേ നടപടി; ബില്ല് അയ്ക്കാത്തതിനാല്‍ മൃതദേഹം തടഞ്ഞുവക്കുന്ന ആശുപത്രിക്കെതിരേ നടപടിയെന്ന് കലക്ടര്‍

മൃതദേഹം തടഞ്ഞുവച്ച കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി സ്വകാര്യ ആശുപത്രിക്കു കാരണം കാണിക്കല്‍ നോട്ടിസ്

Update: 2021-05-09 13:27 GMT

തിരുവനന്തപുരം: കൊവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടാല്‍ ആശുപത്രി ബില്ല് പൂര്‍ണമായി അടയ്ക്കുംവരെ മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാതിരിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. ഈ പ്രവണത ജില്ലയില്‍ നിരോധിച്ചതായും ഇക്കാര്യം വ്യക്തമാക്കി ദുരന്ത നിവാരണ നിയമത്തിലെ 26, 30, 34 വകുപ്പുകള്‍ പ്രകാരം ഉത്തരവു പുറപ്പെടുവിച്ചതായും കലക്ടര്‍ അറിയിച്ചു.

ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലുണ്ടായ ഇത്തരം സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കലക്ടര്‍ക്കു റിപോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇത്തരം പ്രവൃത്തികള്‍ മനുഷ്യത്വരഹിതമായ അനീതിയാണെന്നു കലക്ടര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ ചുമത്തുന്ന ഭീമമായ ബില്‍ തുക പലപ്പോഴും രോഗികളുടെ ബന്ധുക്കള്‍ക്കു താങ്ങാവുന്നതിലുമേറെയാണ്. രോഗിയുടെ ഗുരുതരാവസ്ഥയെക്കുറിച്ചും ചികിത്സാ ചെലവുകളെക്കുറിച്ചും ബന്ധുക്കളെ കൃത്യമായി ബോധ്യപ്പെടുത്തേണ്ടത് ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തമാണെന്നും കലക്ടര്‍ വ്യക്തമാക്കി.

മൃതദേഹം തടഞ്ഞുവച്ച സ്വകാര്യ ആശുപത്രിക്കു കാരണം കാണിക്കല്‍ നോട്ടിസ്

കൊവിഡ് ചികിത്സയ്ക്കു ചെലവായ നാലര ലക്ഷത്തോളം രൂപ പൂര്‍ണമായി അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം തടഞ്ഞുവച്ച കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി ആശുപത്രിക്കു ജില്ലാ കലക്ടറുടെ കാരണം കാണിക്കല്‍ നോട്ടിസ്.

കൊവിഡ് ചികിത്സയ്ക്കിടെ മരിച്ച 46കാരന്റെ മൃതദേഹം വിട്ടുകൊടുക്കണമെങ്കില്‍ ബന്ധുക്കള്‍ 4,44,808 രൂപയുടെ ബില്ല് പൂര്‍ണമായി അടയ്ക്കണമെന്നായിരുന്നു കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ ആവശ്യം. ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയിട്ടും ആശുപത്രിയുടെ ഉത്തരവാദപ്പെട്ടവര്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. മരണപ്പെട്ടയാളുടെ ചികിത്സാ ചെലവുകള്‍ സംബന്ധിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ബന്ധുക്കള്‍ക്ക് അധികൃതര്‍ കൃത്യമായ ധാരണ നല്‍കിയിരുന്നില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണു കലക്ടര്‍ ആശുപത്രി മാനേജ്‌മെന്റിനു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. രണ്ടു ദിവസത്തിനകം തൃപ്തകരമായ മറുപടി നല്‍കിയില്ലെങ്കില്‍ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും നോട്ടിസില്‍ പറയുന്നു.

Tags:    

Similar News