മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി ജോഷ്വാ മാത്യുവിനെ സസ്‌പെന്റ് ചെയ്തു

Update: 2022-04-22 17:49 GMT

പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുകേസില്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ബാങ്ക് ഭരണ സമിതി സസ്‌പെന്റ് ചെയ്തു. സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. സഹകരണ വകുപ്പ് കോന്നി അസിസ്റ്റന്റ് രജിസ്റ്റാര്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. ഇയാള്‍ 3.94 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പോലിസ് കണ്ടെത്തിയത്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലിസിന് പരാതി നല്‍കിയത്.

പോലിസ് കേസെടുത്തതിന് പിന്നാലെയാണ് ബാങ്ക് ഭരണസമിതി ജോഷ്വാ മാത്യുവിനെ സസ്‌പെന്റ് ചെയ്തത്. ബാങ്കിന് കീഴില്‍ 2005 ല്‍ ഒരു ഗോതമ്പ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യാജരേഖയുണ്ടാക്കി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തി. മൈലപ്ര സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി അമൃത മൈഫുഡ് റോളര്‍ ഫ്‌ളോര്‍ ഫാക്ടറിയുടെ പേരിലാണ് സാമ്പത്തിക തിരിമറികള്‍ നടന്നത്.

അമൃത ഫാക്ടറിയില്‍ 3.94 കോടി രൂപയുടെ ഗോതമ്പ് സ്‌റ്റോക്കുണ്ടെന്നാണ് സെക്രട്ടറി ജോഷ്വാ മാത്യു രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, കോന്നി എആര്‍ എസ് ബിന്ദു നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്വകാര്യകമ്പനിയായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫാക്ടറിയുടെ മാനേജിങ് ഡയറക്ടറും ജോഷ്വാ മാത്യു തന്നെയാണ്. ഫാക്ടറിയുടെ പേരില്‍ സെക്രട്ടറി പണം അപഹരിച്ചെന്നാണ് എ ആര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സഹകരണ വകുപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ബാങ്കിലെ ജീവനക്കാരും സെക്രട്ടറിക്കും ഭരണസമിതി പ്രസിഡന്റിനുമെതിരേ മൊഴിയും നല്‍കിയിരുന്നു.

Tags:    

Similar News