സ്ത്രീധനം: സ്ത്രീത്വത്തിന്റെ വിലയറിയാത്തവരുടെ ഇടപാട്- എം ഐ ഇര്‍ഷാന

Update: 2021-08-16 15:48 GMT

പത്തനംതിട്ട: സ്ത്രീധനമെന്ന ഇടപാട് നടത്തുന്നവര്‍ സ്ത്രീത്വത്തിന്റെ വിലയറിയാത്തവരാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി എം ഐ ഇഷാന ടീച്ചര്‍. 'സ്ത്രീസുരക്ഷ പ്രഖ്യാപനങ്ങളില്‍ ഒതുക്കുന്ന ഭരണകൂടം' എന്ന കാംപയിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ഒരു സ്ത്രീയോടൊപ്പം പൊന്നും പണവും കൂടി കൊടുത്തെങ്കിലേ ഒരു പുരുഷന്‍ സ്വീകരിക്കുകയുള്ളൂവെന്നത് എത്ര പ്രാകൃതമാണ്.

ഏറെ പുരോഗതി നേടിയ നമ്മുടെ കേരളത്തില്‍ സ്ത്രീധന പീഡനക്കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇതിനെതിരേ നിരന്തരപ്രഖ്യാപനങ്ങളും പ്രസ്താവനകളുമല്ലാതെ ആത്മാര്‍ഥമായ ഒരു ഇടപെടലും നാളിതുവരെയുള്ള ഒരു ഭരണകൂടങ്ങളും നടത്തിയിട്ടില്ല. അതിന്റെ പ്രത്യാഘാതമാണ് സ്ത്രീ സമൂഹം ഇന്ന് അനുഭവിക്കുന്നത്. പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും മാത്രമല്ല, സ്വന്തം വീടുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതമല്ല. ഇതിന്റെ ഒന്നാം പ്രതി നാളിതുവരെയുള്ള സര്‍ക്കാരുകളാണ്.

രാജ്യം സ്വാതന്ത്ര്യം നേടി 75 വര്‍ഷം തികഞ്ഞിട്ടും സ്ത്രീകള്‍ സ്വതന്ത്രരരാണോയെന്ന് നാം ആത്മപരിശോധന നടത്തണമെന്നും ഇര്‍ഷാന ടീച്ചര്‍ ആവശ്യപ്പെട്ടു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് എസ് ഷൈലജ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സഫിയ പന്തളം, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത്, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അനീഷ ഷാജി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയംഗം മുനീറാ മാഹീന്‍, തിരുവല്ല നഗരസഭാ കൗണ്‍സിലര്‍ സബിത സലീം, പ്രോഗ്രാം കോ- ഓഡിനേറ്റര്‍ എസ് സബീന, ഷാഹിന ചിറ്റാര്‍ സംസാരിച്ചു.

Tags: