'ബിജെപി-സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക':എസ്ഡിപിഐ സമര ചത്വരം സംഘടിപ്പിച്ചു

എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമര ചത്വരം സംഘടിപ്പിച്ചത്

Update: 2022-06-16 04:16 GMT
പാലക്കാട്:ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലൂടെ കേരളത്തെ തകര്‍ക്കുന്ന മുഖ്യമന്ത്രി രാജി വയ്ക്കുക, തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഷൊര്‍ണൂരില്‍ എസ്ഡിപിഐ സമര ചത്വരം സംഘടിപ്പിച്ചു.എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമര ചത്വരം സംഘടിപ്പിച്ചത്.

ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി പരിപാടി ഉദ്ഘാടനം ചെയ്തു.ബിജെപിയും സിപിഎമ്മും അഴിമതിയിലും കോഴയിലും കള്ളക്കടത്തിലും പരസ്പരം മല്‍സരിക്കുകയാണ്.ലാവലിന്‍ അഴിമതി മുതല്‍ സ്വര്‍ണക്കടത്ത് വരെ നീളുന്ന ഇടതു സര്‍ക്കാരും പിണറായി വിജയനും നടത്തിയിട്ടുള്ള അഴിമതികള്‍ ചൂണ്ടിക്കാട്ടി ബിജെപി പിണറായിയെ വിരട്ടി നിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ കോടികള്‍ സംസ്ഥാനത്തേക്കൊഴുക്കിയ ബിജെപിക്കും കെ സുരേന്ദ്രനുമെതിരേ ചെറുവിരലനക്കാന്‍ ഇടതു സര്‍ക്കാരിന് കെല്‍പ്പില്ലാതെ പോയതെന്ന് അലവി കെ ടി പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് തട്ടിപ്പുകള്‍ സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. മുഖ്യമന്ത്രിക്കെതിരേ കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന വിവരം പുറത്തുവന്നപ്പോഴേക്കും കെ സുരേന്ദ്രനെതിരേ തിരഞ്ഞെടുപ്പ് കോഴക്കേസുകളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് വിരട്ടി പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഈ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കേരളത്തിന്റെ ഭാവിക്ക് ഭീഷണിയാണ്. ആരോപണ വിധേയനായ മുഖ്യമന്ത്രി ഉടന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ കമ്മറ്റിയംഗം എ വൈ കുഞ്ഞിമുഹമ്മദ്, ഷൊര്‍ണൂര്‍ മണ്ഡലം സെക്രട്ടറി സിദ്ധീഖ് ഷൊര്‍ണൂര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News