പാലക്കാട് നഗരമധ്യത്തില്‍ വീട് കുത്തിത്തുറന്ന് 25 പവനും 30,000 രൂപയും കവര്‍ന്നു

Update: 2021-09-09 10:05 GMT

പാലക്കാട്: നഗരത്തില്‍ വ്യാപാരിയുടെ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചതായി പരാതി. പാലക്കാട് പറക്കുന്നം സ്വദേശി മുഹമ്മദ് ബഷീറിന്റെ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും 30,000 രൂപയും മോഷ്ടിച്ചതായാണ് പരാതി. മുഹമ്മദ് ബഷീറും കുടുംബവും കഴിഞ്ഞ ശനിയാഴ്ച ചെന്നൈയിലേക്ക് യാത്ര പോയിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.

അലമാരയില്‍ സൂക്ഷിച്ച 25 പവന്‍ സ്വര്‍ണാഭരണങ്ങളും 30,000 രൂപയുമാണ് മോഷണം പോയതെന്ന് മുഹമ്മദ് ബഷീര്‍ പരാതിയില്‍ പറയുന്നു. രണ്ടുനില വീടിന്റെ മുകള്‍നിലയിലെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. താഴത്തെ നിലയിലെ അലമാരയിലാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്. ഇത് കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു. വീടിന് സമീപം സ്റ്റീല്‍കട നടത്തുകയാണ് മുഹമ്മദ് ബഷീര്‍. പരാതിയെത്തുടര്‍ന്ന് പാലക്കാട് നോര്‍ത്ത് പോലിസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലം പരിശോധിച്ചു.

Tags: