പാഠശാലകള്‍ വ്യാപകമാക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയവര്‍ മദ്യശാലകള്‍ വ്യാപകമാക്കുന്നു: സുജാത എസ് വര്‍മ

Update: 2024-02-12 12:22 GMT

തിരൂര്‍: മദ്യശാലകള്‍ക്ക് അറുതി വരുത്തുമെന്നും പാഠശാലകള്‍ വ്യാപകമാക്കുമെന്നും പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ നാടോട്ടൊക്കും മദ്യശാലകള്‍ വ്യാപകമാക്കുകയാണെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സുജാത എസ് വര്‍മ. 'സാമൂഹിക തിന്മകള്‍ക്കെതിരേ സ്ത്രീമുന്നേറ്റം' എന്ന തലക്കെട്ടില്‍ ഫെബ്രുവരി ഒന്നുമുതല്‍ 29 വരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണ കാംപയിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ സംഘടിപ്പിച്ച 'പകല്‍നാളം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ത്രീധനം, ലഹരി വ്യാപനം, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സാമൂഹിക തിന്മകള്‍ക്കെതിരേ സ്ത്രീമുന്നേറ്റം എന്ന പേരില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന പ്രചാരണ കാംപയിന്‍ നടത്തുന്നത്. ജില്ലാ പ്രസിഡന്റ് ലൈലാ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയംഗം ജുബൈര്‍ കല്ലന്‍, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി ജാസ്മിന്‍ എടരിക്കോട്, തിരൂര്‍ മണ്ഡലം സെക്രട്ടറി റിഷാന റാഫി സംസാരിച്ചു.

Tags: