നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ക്കകം വനം വകുപ്പിന് കീഴിലുള്ള റോഡ് തകര്‍ന്നു

അറുപത് ലക്ഷം ചിലവഴിച്ച് പുനര്‍ നിര്‍മിച്ച പത്തനാപുരം തേക്കിന്‍ച്ചുവട് ഫോറസ്റ്റ് റോഡാണ് തകര്‍ന്നത്.

Update: 2021-07-03 14:15 GMT

അരീക്കോട്: വനം വകുപ്പിന് കീഴിലുള്ള റോഡ് നിര്‍മാണം കഴിഞ്ഞ് മാസങ്ങള്‍ക്കകം തകര്‍ന്നു. അറുപത് ലക്ഷം ചിലവഴിച്ച് പുനര്‍ നിര്‍മിച്ച പത്തനാപുരം തേക്കിന്‍ച്ചുവട് ഫോറസ്റ്റ് റോഡാണ് തകര്‍ന്നത്. നാട്ടുകാരുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് റോഡ് നന്നാക്കാന്‍ തീരുമാനിച്ചത്.തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണ മടക്കമുള്ള സമര പ്രഖ്യാപനത്തോടെയാണ് റോഡ് പ്രവര്‍ത്തി നടത്താന്‍ തീരുമാനമായത് വനം വകുപ്പിന്റ അധീനതയിലുള്ള രണ്ട് കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. അത് കാരണം ഇരുപത് വര്‍ഷത്തിലേറെയായി റോഡില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കാറില്ല.

പി കെ ബഷീര്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 40 ലക്ഷവും ജില്ല പഞ്ചായത്തില്‍ നിന്നും 20 ലക്ഷംവും അനുവദിച്ച് നിര്‍മ്മിച്ച റോഡാണ് നിര്‍മ്മാണത്തിലെ ക്രമക്കേട് കാരണം തകര്‍ന്നത്. നിര്‍മാണ പ്രവര്‍ത്തികള്‍ക്കിടെ ഇത് വഴി ക്രഷറിലേക്ക് വലിയ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. ഇത് തടയണമെന്ന നാട്ടുകാരുടെ ആവശ്യം കരാറുകാര്‍ അംഗീകരിച്ചിരുന്നില്ല. കൂടാതെ വനം വകുപ്പിന്റെ അനുമതി കൂടാതെയാണ് റോഡില്‍ പ്രവര്‍ത്തി നടത്തിയത്. നിര്‍മാണത്തിന്റെ തുടക്കത്തില്‍ വനം വകുപ്പ് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഉന്നത ഇടപെടലിനെ തുടര്‍ന്ന് നിശബ്ദരാവുകയായിരുന്നു.

നിര്‍മാണത്തിലെ അപാകതയും ക്രഷറിലേക്കുള്ള ടോറസ് ലോറികളുടെ അനിയന്ത്രിത യാത്രയുമാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണം. കഴിഞ്ഞ മെയ് മാസത്തിലാണ് റോഡ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്. തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ വകുപ്പ് മന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ക്കും പരാതി നല്‍കിട്ടുണ്ട്.

Tags: