കോഴിക്കൂട്ടില്‍ രഹസ്യ അറ; വ്യാജ ചാരായ വാഷ് പിടികൂടി

Update: 2020-05-06 15:48 GMT

പരപ്പനങ്ങാടി: ലോക്ക് ഡൗണിനെ തുടര്‍ന്ന് ബിവറേജസ് ഔട്ട് ലെറ്റുകള്‍ തുറക്കുന്നത് അനിശ്ചിതത്വത്തിലായതോടെ വ്യാജ വാറ്റ് വ്യാപകമായതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലിസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ വാറ്റ് ചാരായം നിര്‍മിക്കാനായി സൂക്ഷിച്ചിരുന്ന 20 ലിറ്ററോളം വാഷ് പിടികൂടി. പരപ്പനങ്ങാടി ഉള്ളണം നോര്‍ത്തില്‍ ആട്ടീരില്‍ വീട്ടില്‍ ഗിരീഷ് കുമാറിന്റെ വീട്ടിലെ കോഴിക്കൂടിനുള്ളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് വാഷ് പിടികൂടിയത്. മരത്തില്‍ നിര്‍മിച്ച കോഴിക്കൂടിന് താഴെയായിരുന്നു രഹസ്യ അറ നിര്‍മിച്ച് വാഷ് സൂക്ഷിച്ചിരുന്നത്. വ്യാജചാരായം നിര്‍മിച്ച് വന്‍ വിലയ്ക്കു കച്ചവടം നടത്താനാണു പ്രതി വാഷ് ഉണ്ടാക്കിയതെന്ന് പോലിസ് അറിയിച്ചു. പരപ്പനങ്ങാടി സി ഐ ഹണി കെ ദാസ്, എസ് ഐമാരായ രാജേന്ദ്രന്‍ നായര്‍, രാധാകൃഷ്ണന്‍, സിപിഒമാരായ ജിനു, ജിതിന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം നടത്തിയ തിരിച്ചിലിലാണ് വാഷ് കണ്ടെടുത്തത്. അബ്കാരി നിയമ പ്രകാരം കേസെടുത്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം ഇതിനോടകം പതിനഞ്ചോളം അബ്കാരി കേസുകള്‍ പരപ്പനങ്ങാടി സ്‌റ്റേഷനില്‍ മാത്രം എടുത്തിട്ടുണ്ട്.


Tags:    

Similar News