സാമൂഹിക ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഭരണക്രമത്തിലൂടെ മാത്രമേ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടൂ: വി ടി ഇക്‌റാമുല്‍ ഹഖ്

Update: 2023-01-30 07:16 GMT

മലപ്പുറം: മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ സാമൂഹിക ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഒരു ഭരണക്രമത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ടി ഇക്‌റാമുല്‍ ഹഖ് അഭിപ്രായപ്പെട്ടു. എസ്ഡിപിഐ മലപ്പുറം മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മുഖ്യധാര എന്ന് പറയപ്പെടുന്ന പാര്‍ട്ടികളെയെല്ലാം ഹിന്ദുത്വ പൊതുബോധം സ്വാധീനിച്ചുകഴിഞ്ഞു. ഭരണഘടനയും രാജ്യവും നിലനില്‍ക്കണമെന്ന് താല്‍പ്പര്യപ്പെടുന്നവര്‍ ഇനിയും അമാന്തിച്ചുനില്‍ക്കരുത്. കണക്കുകള്‍ പെരുപ്പിച്ചുകാട്ടി രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിച്ച കോര്‍പറേറ്റുകള്‍ തകര്‍ന്നടിയുന്നതുപോലെ സക്രിയമായ മുന്നേറ്റത്തിലൂടെ ഹിന്ദുത്വ ഭരണവും തകര്‍ന്നടിയും- അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടി കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം അഡ്വ.എ എ റഹിം, സി പി നസ്‌റുദ്ദീന്‍ ബാവ, സക്കീര്‍ വള്ളുവമ്പ്രം, ശിഹാബ് ആനക്കയം സംസാരിച്ചു.

Tags: