ഹിന്ദുത്വരാഷ്ട്രത്തിന് തടസ്സം പുതിയ യാത്രാസംഘത്തിന്റ വളര്‍ച്ച: എസ്ഡിപിഐ

Update: 2021-11-28 09:08 GMT

തിരൂരങ്ങാടി: ഹിന്ദുത്വരാഷ്ട്ര പ്രഖ്യാപനത്തിന് ഇന്ന് സംഘപരിവാറിന് തടസ്സം പുതിയ യാത്രാസംഘത്തിന്റെ വളര്‍ച്ചയാണെന്ന് എസ്ഡിപിഐ നേതാവ് വി ടി ഇഖ്‌റാമുല്‍ ഹഖ്. എസ്ഡിപിഐ തിരൂരങ്ങാടി മുനിസിപ്പല്‍ കണ്‍വണ്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മൂന്ന് യാത്രാ സംഘങ്ങളാണുള്ളത്. ഒന്ന് 1838 മുതല്‍ 1947 വരെ യാത്ര നടത്തി അവസാനിപ്പിച്ചവരും, 1925 മുതല്‍ 2025 ലക്ഷ്യംവച്ച് യാത്ര തുടങ്ങി ഇന്ത്യയുടെ പാരമ്പര്യത്തെ തകര്‍ത്ത് അധികാരം പിടിച്ച സംഘപരിവാരങ്ങളുമായിരുന്നു എങ്കില്‍, ഇന്ന് 12 വര്‍ഷം മുന്നെ തുടങ്ങിയ പുതിയ യാത്രാ സംഘം ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വിപ്ലവങ്ങള്‍ തീര്‍ക്കുകയാണ്.

ഒന്നാം നരേന്ദ്രമോദിയുടെ വരവോടെ ഹിന്ദുത്വരാഷ്ട്രമായിക്കഴിഞ്ഞ ഇന്ത്യയില്‍, അതിന്റെ പ്രഖ്യാപനം നടത്താന്‍ ആര്‍എസ്എസ്സിന് തടസ്സം പുതിയ യാത്രാസംഘമായ എസ്ഡിപിഐയുടെ സാന്നിധ്യമാണ്. ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളിലും ഫാഷിസ്റ്റ് ശക്തികള്‍ക്ക് വെല്ലുവിളി തീര്‍ക്കുന്ന ഈ സംഘത്തെ തടയാന്‍ ഹിന്ദുത്വപ്രഖ്യാപനത്തോടെ സംഘപരിവാരങ്ങള്‍ക്ക് കഴിയില്ലന്ന ഭയപ്പാടാണ് ആര്‍എസ്എസ്സിനുള്ളത്.

ഇപ്പോള്‍ അവര്‍ പഠനവിധേയമാക്കുന്നത് എസ്ഡിപിഐയുടെ വളര്‍ച്ചയെക്കുറിച്ചാണ്. എല്ലാ വിഭാഗം ജനങ്ങളും എസ്ഡിപിഐയില്‍ അണിനിരക്കുന്നത് അവരെ ഭീതിയിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം ഉപാധ്യക്ഷന്‍ ഹമീദ് പരപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ഉസ്മാന്‍ ഹാജി, മുനിസിപ്പല്‍ പ്രസിഡന്റ് ജാഫര്‍ ചെമ്മാട്, സെക്രട്ടറി ജമാല്‍ തിരൂരങ്ങാടി, മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടിയിലേക്ക് കടന്നുവന്നവര്‍ക്ക് നേതാക്കള്‍ മെംബര്‍ഷിപ്പ് നല്‍കി ഷാളണിയിച്ച് സ്വീകരിച്ചു.

Tags: