ശുചി മുറികളുടെ ശോചനീയാവസ്ഥ; നഗരസഭാ ഓഫിസിലേക്ക് മാര്‍ച്ച്

പ്രദേശത്തെ എഴുത്തുകാരനും കവിയുമായ സി പി വല്‍സന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

Update: 2021-09-01 19:11 GMT

പരപ്പനങ്ങാടി: ശുചി മുറികളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡെവലപ്പ്‌മെന്റ് ഫോറം (പിഡിഎഫ്) പരപ്പനങ്ങാടി നഗരസഭാ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ശുചിത്വ പദവി അവാര്‍ഡ് നേടിയ നഗരസഭയില്‍ ദൈനം ദിനം പലവിധ ആവശ്യങ്ങളുമായി എത്തുന്ന സ്ത്രീകള്‍ അടക്കമുള്ള പൊതു ജനങ്ങള്‍ക്ക് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ വൃത്തിഹീനമായ നിലവിലെ ശുചിമുറികള്‍ ശുചീകരിച്ച് സ്വകാര്യതയുള്ളതും ആധുനികവും ശാസ്ത്രീയവുമായ രീതിയില്‍ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഭരണ സമിതി ചെയര്‍പേഴ്‌സണും നിലവിലെ ചെയര്‍മാനും ബന്ധപ്പെട്ട അധികാരികള്‍ക്കും നിവേദനങ്ങള്‍ നല്‍കിയിട്ട് ഒരു വര്‍ഷത്തോളമായിട്ടും നടപടി സ്വീകരിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണ്.

പ്രദേശത്തെ എഴുത്തുകാരനും കവിയുമായ സി പി വല്‍സന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കാലിക പ്രസക്ത ജനകീയ വിഷയങ്ങള്‍ രാഷ്ട്രീയത്തിനുപരിയായി സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതിന് പിഡിഎഫിനെപ്പോലുള്ള സംഘടനകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാതിരിക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

റഫീഖ് 'ബോംബെ' അധ്യക്ഷത വഹിച്ചു. നഹാസ് ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ഉമ്മര്‍, അസീസ്, പി രാമാനുജന്‍, മുഹമ്മദലി, ശിഹാബ്, സി യഹ്യ എന്നിവര്‍ നേതൃത്വം നല്‍കി. യു ഷാജി മുങ്ങാത്തം തറ, പി പി. ബൂബക്കര്‍,ഖാജാ മുഹ്യുദ്ധീന്‍, സി സി അബ്ദുല്‍ ഹക്കീം, ഏനു കായല്‍ മീത്തില്‍ സംസാരിച്ചു.




Tags:    

Similar News