ഒരു ജീവനക്കാരനു കൂടി കൊവിഡ്; പെരിന്തല്‍മണ്ണ ബിവറേജ് അടച്ചു

Update: 2020-08-11 08:28 GMT

പെരിന്തല്‍മണ്ണ: ബിവറേജസ് കോര്‍പറേഷന്റെ പെരിന്തല്‍മണ്ണ ചില്ലറ മദ്യ വില്‍പന ശാലയിലെ ഒരു ജീവനക്കാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഔട്ട്‌ലറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13 ആയി. ഇക്കഴിഞ്ഞ 30ന് കുന്നപ്പള്ളി സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കൊവിഡ് പോസിറ്റീവായത്. ഇതിനു പിന്നാലെ ക്വാറന്റൈനിലായിരുന്ന 20ല്‍ 11 ജീവനക്കാര്‍ക്കാണ് ഞായര്‍ പോസിറ്റീവായത്. ഇതോടെ ഇവിടെ നിന്ന് ജൂലൈ 23 മുതല്‍ 30 വരെ മദ്യം വാങ്ങാന്‍ എത്തിയവരോട് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇനി 7 ജീവനക്കാരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇതോടെ പെരിന്തല്‍മണ്ണയിലെ ഔട്ട്‌ലറ്റും ഗോഡൗണും ബീവറേജ് കോര്‍പറേഷന്റെ അങ്ങാടിപ്പുറത്ത ഓഫിസും ഇന്നലെ താല്‍ക്കാലികമായി അടച്ചു. ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശവും കോര്‍പറേഷന്‍ മേധാവിയില്‍ നിന്ന് ഇത് സംബന്ധിച്ച ഉത്തരവും വരുന്നതു വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ക്വാറന്റൈനില്‍ പോയവരില്‍ ഒരാള്‍ അങ്ങാടിപ്പുറത്തെ ബെവ്‌കോ ഡിപ്പോയിലും ഓഫിസിലും സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഡിപ്പോയിലും ഓഫിസിലുമായി ഇയാളുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായ 20 പേരില്‍ 10 പേര്‍ക്ക് ഇന്നലെ പരിശോധന നടത്തി. 30ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷം 2 ദിവസം വില്‍പനശാല അടച്ചിട്ടിരുന്നു. അണുമുക്തമാക്കിയ ശേഷം മറ്റ് ഔട്ട്‌ലറ്റുകളില്‍ നിന്ന് ജീവനക്കാരെ നിയോഗിച്ചായിരുന്നു പ്രവര്‍ത്തനം.

Covid to an employee; Perinthalmanna Beverage closed



Tags:    

Similar News