സിപിഎം മലപ്പുറം ജില്ലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളിലെ സഖാവ് പി പി അബ്ദുല്ലക്കുട്ടി നഗറില്‍ മുതിര്‍ന്ന അംഗം ടി കെ ഹംസ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും.

Update: 2021-12-26 17:58 GMT

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സമ്മേളനം നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളിലെ സഖാവ് പി പി അബ്ദുല്ലക്കുട്ടി നഗറില്‍ മുതിര്‍ന്ന അംഗം ടി കെ ഹംസ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. ഉദ്ഘാടന ശേഷം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ ദാസ് പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിക്കും.

തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും നടക്കും. ചൊവ്വാഴ്ച പൊതു ചര്‍ച്ചക്ക് ശേഷം മറുപടി പറയും. ബുധനാഴ്ച പുതിയ ജില്ലാ കമ്മിറ്റിയേയും സെക്രട്ടറിയേയും തിരഞ്ഞെടുക്കും. ജില്ലയുടെ രാഷ്ടീയ ഗതിവിഗതികള്‍ സൂക്ഷ്മമായി ചര്‍ച്ച ചെയ്യുന്നതിനായി മൂന്ന് ദിവസവും മുഖ്യമന്ത്രി സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം രൂപം നല്‍കുന്ന ഭാവി പരിപാടികള്‍ക്ക് ശേഷം പ്രതിനിധി സമ്മേളനം സമാപിക്കും. തുടര്‍ന്ന് വൈകീട്ട് 5ന് തിരൂര്‍ നഗരസഭാ സ്‌റ്റേഡിയത്തില്‍ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തില്‍ പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, എളമരം കരീം, കെ രാധാകൃഷ്ണന്‍, ബേബി ജോണ്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഇ ജയന്‍, വൈസ് ചെയര്‍മാന്‍ എ ശിവദാസന്‍, ട്രഷറര്‍ അഡ്വ പി ഹംസ കുട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Tags: